ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ കുടുങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ആരാഞ്ഞ് ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ചു.
കൊവിഡ് ആഗോളവ്യാപകമായി പടര്‍ന്ന് പിടിച്ചനാല്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ഥികളെ സുരക്ഷിതമായി നാട്ടില്‍ തിരിച്ചെത്തിക്കണമെന്ന് അപേക്ഷിച്ച് അഡ്വ. ഗൗരവ് കുമാര്‍ ബന്‍സല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. വിദേശകാര്യ മന്ത്രാലയത്തിനോടും ആഭ്യന്തര മന്ത്രാലയത്തിനോടുമാണ് കോടതി വിശദീകരണം തേടിയത്.
ജസ്റ്റിസ് സിദ്ധാര്‍ഥ് മൃതുല്‍, തല്‍വാത് സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വാദം കേട്ടത്. കുടുങ്ങി കിടക്കുന്ന ഭൂരിഭാഗം വിദ്യാര്‍ഥികളും ജമ്മു കശ്‌മീര്‍ സ്വദേശികളാണ്. ഇവര്‍ തന്നെ ഇമെയില്‍ മാര്‍ഗമാണ് ബന്ധപ്പെട്ടതെന്നും ഭക്ഷണവും വെള്ളവും മതിയായ സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെയാണ് വിദ്യാര്‍ഥികള്‍ അവിടെ താമസിക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.
തുടർന്ന് ഇന്ത്യൻ എംബസികളിൽ നോഡൽ ഓഫീസർമാരെ നിയോഗിക്കണമെന്നും ഇവരെ ബന്ധപ്പെടാനുള്ള നമ്പറും ഇമെയില്‍ വിലാസവും പൊതു വെബ്‌സൈറ്റില്‍ നല്‍കണമെന്നും വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് സഹായം തേടാന്‍ ഇത് സഹായകരമാകുമെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജിമേലുള്ള വാദം മാര്‍ച്ച് 30ലേക്ക് മാറ്റിയതായും കോടതി അറിയിച്ചു.