ന്യൂഡൽഹി: ലോക്ക്ഡൗൺ സമയത്ത് നിർധനരായവർക്ക് ഭക്ഷണം, പാർപ്പിടം, സൈക്കോളജിക്കൽ കൗൺസിലിങ്, മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എന്നിവ നൽകാൻ സുപ്രീംകോടതി കേന്ദ്രത്തിന് ശരിയായ നിർദേശം നൽകിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ജുഡീഷ്യറി തന്നാലാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പണം, ദുരിതാശ്വാസ സാമഗ്രികൾ തുടങ്ങിയവ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് കാര്യനിർവഹണ വകുപ്പാണ്. പ്രതിസന്ധിയെ മാനുഷികമായ ഒരു കോണിലൂടെ എങ്ങനെ വേഗത്തിൽ കൈകാര്യം ചെയ്യാമെന്ന് നോക്കി അതിനുള്ള സംവിധാനമൊരുക്കണം ബോബ്ഡെ പറഞ്ഞു.
അക്രമികൾ കുറ്റകൃത്യങ്ങൾ ചെയ്യുന്നില്ല. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞു. മനുഷ്യജീവിതം വിലപ്പെട്ടതാണ് പൗരന്മാരുടെ ജീവൻ അപകടത്തിലാക്കാൻ ആർക്കും അധികാരമില്ലെന്നും അങ്ങനെ സംഭവിച്ചാൽ കോടതി ഇടപെട്ട് ജനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.