ന്യൂഡല്‍ഹി: പിന്നാക്ക സമുദായങ്ങള്‍ക്ക് നിയമസഭകളിലും പാര്‍ലമെന്‍റിലും അനുവദിച്ചിട്ടുള്ള സംവരണ കാലാവധി പുതുക്കാന്‍ ആവശ്യപ്പെട്ടുള്ള ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് നല്‍കിയിട്ടുള്ള സംവരണം പുതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ബില്‍ കൊണ്ടുവരുന്നത്. ആര്‍ട്ടിക്കിള്‍ 334ല്‍ ഭേദഗതി വരുത്താനാണ് നിര്‍ദേശം. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിക്കുക.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന് നല്‍കിയിട്ടുള്ള സംവരണത്തെ നിര്‍ദിഷ്ട ഭേദഗതി പ്രകാരം ഇല്ലാതാക്കുന്നു എന്നതാണ് ശ്രദ്ധേയം. ഭരണഘടന പ്രകാരം നിലവിലെ സംവരണ വ്യവസ്ഥ 2020 ജനുവരി 26 ന് അവസാനിക്കും. പരിധി അവസാനിക്കുന്നതിന് മുമ്പായി പാര്‍ലമെന്‍റിന്‍റെ അനുമതി തേടാനാണ് കേന്ദ്ര തീരുമാനം. മുപ്പതു വര്‍ഷത്തേക്കാണ് ഈ വിഭാഗങ്ങളിലുള്ളവരുടെ സംവരണ കാലാവധി. ഓരോ മുപ്പത് വര്‍ഷം കഴിയുമ്പോഴും ഈ നിയമം പുതുക്കുകയാണ് പതിവ്.
നിലവിലെ നിയമങ്ങളില്‍ കൂടുതല്‍ ഭേദഗതികള്‍ കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, ആഭ്യന്തര മന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അമിത് ഷാ, പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രല്‍ഹാദ് ജോഷി, നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്, കേന്ദ്ര സാമൂഹ്യനീതി മന്ത്രി തവാർ ചന്ദ് ഗെലോട്ട്, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മറ്റ് മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന യോഗത്തിലാണ് ബില്ലിനെ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. പുതിയ തീരുമാനം, ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ് മോദി സര്‍ക്കാരെന്ന കാഴ്ചപ്പാട് സൃഷ്ടിക്കുകയും അത് ഗുണം ചെയ്യുമെന്നും ബിജെപി നേതൃത്വം കരുതുന്നു.