ന്യൂഡൽഹി: ഭക്ഷണത്തിന്‍റെ രുചിയും മണവും നഷ്‌ടപ്പെടുന്ന അവസ്ഥയുണ്ടാകുന്നവരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കണമെന്നുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ന് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായത്. ഞായറാഴ്‌ച നടന്ന ദേശീയ ടാസ്‌ക് ഫോഴ്‌സ് യോഗത്തിൽ വിഷയം ചർച്ചക്ക് വന്നെന്നും എന്നാൽ ഇത് സംബന്ധിച്ച് സമവായത്തിലെത്തിയിട്ടില്ലെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. പല കൊവിഡ് രോഗികൾക്കും ഭക്ഷണത്തിന്‍റെ രുചിയും മണവും നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ടെന്നും കൊവിഡ് പരിശോധനക്ക് ഈ ഘടകം പരിഗണിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു.
പനിയുള്ളവർക്ക് ഭക്ഷണത്തിന്‍റെ രുചിയും മണവും നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ടെന്നും ഇത് കണ്ടെത്തി വേഗത്തിൽ ചികിത്സിച്ചാൽ രോഗത്തിൽ നിന്ന് രക്ഷപ്പെട്ടേക്കാമെന്നും വിദഗ്‌ധൻ പറഞ്ഞു. മെയ് തുടക്കത്തിൽ യുഎസ് ദേശീയ പൊതുജനാരോഗ്യ സ്ഥാപനമായ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കൊവിഡിന്‍റെ രോഗ ലക്ഷണങ്ങളിൽ രുചിയും മണവും നഷ്‌ടപ്പെടുന്നത് ഉൾപ്പെടുത്തിയിരുന്നു.