ഹൈദരാബാദ്: ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) തെരഞ്ഞെടുപ്പ് അഴിമതിക്കാരായ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) പാർട്ടിയും സുതാര്യമായ ബിജെപിയും തമ്മിലുള്ള പോരാട്ടമാണെന്ന് ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) തെലങ്കാന യൂണിറ്റ് വക്താവ് എൻവി സുഭാഷ്. ജിഎച്ച്എംസിയിർ സ്വേച്ഛാധിപത്യവും ജനാധിപത്യവും തമ്മിലാണ് പോരാട്ടം നടത്തുകയെന്നും എൻവി സുഭാഷ് പറഞ്ഞു.
പൊതുഭരണം പിന്തുടരുന്ന ബിജെപിക്കെതിരെ കുടുംബഭരണം പിന്തുടരുന്ന പാർട്ടികൾ നടത്തുന്ന പോരാട്ടമാണ് ജിഎച്ച്എംസി തെരഞ്ഞെടുപ്പ്. ടിആർഎസിന്‍റെ അഴിമതി നിറഞ്ഞ സർക്കാരിനെ തുറന്നുകാട്ടാൻ ബിജെപിയുടെ കേന്ദ്ര നേതാക്കൾ ഹൈദരാബാദ് സന്ദർശിക്കുന്നുണ്ടെന്നും സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു.
2016 ലെ ജിഎച്ച്എംസി തെരഞ്ഞെടുപ്പിന് ശേഷം ടിആർഎസിന്‍റെ പൊള്ളയായ വാഗ്ദാനങ്ങളെക്കുറിച്ച് ഹൈദരാബാദിലെ ജനങ്ങൾക്ക് വ്യക്തമായ ധാരണ ലഭിച്ചെന്നും 2020 ലെ ജിഎച്ച്എംസി തെരഞ്ഞെടുപ്പിൽ ടിആർഎസിനെതിരെ വോട്ടുചെയ്യാൻ ആളുകൾ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
ജിഎച്ച്എംസി തെരഞ്ഞെടുപ്പ് 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് നാഴിക കല്ലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബർ ഒന്നിനാണ് ജിഎച്ച്എംസിയിൽ തെരഞ്ഞെടുപ്പ് നടക്കുക ഡിസംബർ നാലിന് വോട്ടെണ്ണും.