ന്യൂഡൽഹി: കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് താൽകാലികമായി നിർത്തലാക്കിയ യുകെയിൽ നിന്നുള്ള വിമാനസർവീസുകൾ ജനുവരി എട്ട് മുതൽ 23 വരെ പ്രവർത്തിക്കും. കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും യുകെയും തമ്മിലുള്ള വിമാനസർവീസുകൾ 2021 ജനുവരി എട്ട് മുതൽ പുനരാരംഭിക്കും.
ഡൽഹി, മുംബൈ, ബെംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് മാത്രമുള്ള സർവീസുകൾ ജനുവരി 23 വരെ ആഴ്‌ചയിൽ 15 ഫ്ലൈറ്റുകളായി പരിമിതപ്പെടുത്തും. യുകെയിൽ ജനിതക മാറ്റം സംഭവിച്ച കൊവിഡ് കണ്ടെത്തിയതിനെ തുടർന്ന് ഡിസംബർ 22 മുതലാണ് ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ താൽകാലികമായി നിർത്തലാക്കിയത്. ഇന്ത്യയിൽ ഇതുവരെ 29 പേർക്ക് ജനിതക മാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചു.