ബംഗളൂരു: ഖനന നഗരമായ ബല്ലാരിയുടെ പ്രാന്തപ്രദേശത്തുള്ള ഒരു സ്വകാര്യ വിദ്യാലയം രാജ്യത്തിന് തന്നെ മാതൃകയാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ വ്യത്യസ്‌തമായ രീതിയിൽ പ്രോത്സാഹിപ്പിക്കുകയാണ് ഇവിടത്തെ വിദ്യാർഥികൾ. കപഗൽ റോഡിലെ ഡ്രീംസ് വേൾഡ് സ്‌കൂളിലെ കുട്ടികളും അധ്യാപകരും പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച ടിഫിൻ ബോക്‌സുകളും വാട്ടർ ബോട്ടിലുകളും ഉപയോഗിക്കുന്നില്ല. കഴിഞ്ഞ മൂന്ന് വർഷമായി ഈ രീതി തുടർന്ന് പോകുന്നു.
കുട്ടികൾക്ക് അവരുടെ ജന്മദിനത്തിലും മറ്റു പ്രത്യേക അവസരങ്ങളിലും പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ ചോക്ലേറ്റുകളോ മറ്റ് ഭക്ഷണപദാർഥങ്ങളോ കൊണ്ടുവരാൻ പോലും അനുവാദമില്ല. ചോക്ലറ്റ്, മറ്റ് ആരോഗ്യപ്രദമല്ലാത്ത ഭക്ഷണ പദാർഥങ്ങള്‍ എന്നിവ ഉപേക്ഷിച്ച് ഡ്രൈ ഫ്രൂട്ട്സ് പോലുള്ള ആഹാരം കഴിക്കാൻ കൂടി പ്രോത്സാഹിപ്പിക്കുകയാണ് സ്‌കൂൾ അധികൃതർ. സ്‌കൂളിന്‍റെ ഈ നീക്കത്തെ അഭിനന്ദിക്കുകയാണ് മാതാപിതാക്കളും പൊതുജനങ്ങളും.