അമരാവതി: കൊവിഡ് ബാധിതരെ ഒറ്റപ്പെടുത്തരുതെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ. എസ്. ജഗന്‍ മോഹന്‍ റെഡ്ഡി. ജാഗ്രതയാണ് വേണ്ടതെന്നും സമൂഹത്തില്‍ കൊവിഡ് ബാധിതരോട് വിവേചനം പാടില്ലെന്നും മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് പരിശോധന നടത്തുന്ന സംസ്ഥാനം ആന്ധ്രാ പ്രദേശാണ്. ഇതുവരെ 74,511 പേര്‍ക്കാണ് പരിശോധന നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ അഞ്ച് ആശുപത്രികള്‍ കൊവിഡ് ആശുപത്രികളാക്കി. 40,000 കിടക്ക സൗകര്യങ്ങളോടെ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളും സംസ്ഥാനത്ത് സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ വൈറോളജി ലാബുകള്‍ ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോള്‍ സംസ്ഥാനത്ത് ഒമ്പത് വൈറോളജി ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്‌ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍ പ്രതിദിനം 40 ലക്ഷം മാസ്‌കുകള്‍ വീതം നിര്‍മിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധശേഷി വര്‍ധിപ്പിച്ചു കൊണ്ട് ജീവിതശൈലിയില്‍ മാറ്റം കൊണ്ടു വരണം. സമൂഹിക അകലം പാലിക്കണമെന്നും പ്രായമായവരെയും രോഗികളേയും സംരക്ഷിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.