ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് കെയർ സെന്‍ററായ സർദാർ പട്ടേൽ കൊവിഡ് കെയർ സെന്‍ററിൽ നിന്നും ഇതുവരെ 2,454 പേർ രോഗമുക്തി നേടി. ഇന്തോ- ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) ചുമതല വഹിക്കുന്ന ഇവിടെ 10,000 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
17 ദിവസം പ്രായമുള്ള കുഞ്ഞ് മുതൽ 78 വയസ്സ് വരെ പ്രായമുള്ളവരെ ഇവിടെ ചികിത്സിച്ചതായി ഐടിബിപി പറഞ്ഞു. ഐടിബിപി ഡിജി എസ്.എസ്. ദേശ്വാൾ, ഇവിടേക്ക് എല്ലാ അവശ്യ വസ്തുക്കളും എകത്തിക്കാൻ നേത്യത്വം നൽകുന്നുണ്ട്. കൂടാതെ അദേഹം രോഗികൾക്ക് മികച്ച സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2020 ജൂലൈ അഞ്ചിന് ഔദ്യോഗികമായി രോഗികളെ പ്രവേശിപ്പിക്കാൻ തുടങ്ങിയ ഇവിടെ ഇതുവരെ 3,921 രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. അതിൽ 2,454 പേരാണ് രോഗമുക്തരായത്. ഇവരിൽ 81 പേരെ മാത്രമാണ് മറ്റ് ആശുപത്രികളിലേക്ക് മാറ്റിയത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരം ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഛത്തർപൂരിലെ രാധ സോമി സത്സംഗിൽ എസ്‌പിസിസി കൊവിഡ് കെയർ സെന്‍റർ ആരംഭിച്ചത്. പാവപ്പെട്ടവർക്കും ആവശ്യക്കാർക്കും സൗജന്യമായി സമ്പൂർണ്ണ വൈദ്യസഹായം നൽകാനാണ് ഐടിബിപിക്ക് ചുമതലയുള്ളത്.
സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ, മെഡിക്കൽ ഓഫീസർമാർ, പാരാമെഡിക്കുകൾ, ഫാർമസിസ്റ്റുകൾ, 600 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന 800 ലധികം മെഡിക്കൽ ഉദ്യോഗസ്ഥരെ ഐടിബിപി ഇവിടെ നിയോഗിച്ചിട്ടുണ്ട്.