ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഡല്‍ഹി ക്രൈംബ്രാഞ്ച് ചൊവ്വാഴ്‌ച മൂന്ന് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കലാപത്തിനിടെ ഉണ്ടായ മുഹമ്മദ് ഫര്‍ഖാന്‍ കൊലക്കേസ്, ദീപക് കൊലക്കേസ്, മൗജ്‌പൂര്‍ ചൗക്കില്‍ ഉണ്ടായ ആള്‍ക്കൂട്ട ആക്രമണം എന്നി കേസുകളിലെ കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്.
കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 20 കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചു. 59 കേസുകളാണ് അന്വേഷണത്തിലുള്ളത്. മുഹമ്മദ് ഫര്‍ഖാന്‍ കൊലക്കേസില്‍ നാല് പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കര്‍ദാംപൂരില്‍ കലാപം നടക്കുന്ന സമയത്ത് ഫര്‍ഖാന്‍ അവിടെ ഉണ്ടായിരുന്നു. വെടിയേറ്റാണ് ഫര്‍ഖാന്‍ കൊല്ലപ്പെടുന്നത്. ദീപക് കൊലക്കേസിലും നാല് പേര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മൗജ്‌പൂര്‍ ചൗക്ക് ആള്‍ക്കൂട്ട ആക്രമണക്കേസില്‍ അഞ്ച് പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പൗരത്വ ഭേദഗതി നിയമത്തെ ജനാധിപത്യപരമായി എതിർക്കുന്നതിന്‍റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്‍റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുന്നതിനായി കലാപങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണെന്നും സാമുദായിക കലഹങ്ങൾ സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് കലാപം നടത്തിയതെന്നും കണ്ടെത്തിയതായി പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.