ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പൊലീസ് വെടിവെപ്പ് നടത്തിയതിനെക്കുറിച്ച് അന്വേഷിക്കാൻ തീരുമാനം. തെക്കുകിഴക്കൻ ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ് നടത്തിയെന്ന് ആരോപണങ്ങൾ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷിക്കാൻ തീരുമാനിച്ചത് . 2019 ഡിസംബര്‍ 15ന് മഥുര റോഡിൽ നടന്ന പ്രതിഷേധത്തില്‍ കല്ലെറിഞ്ഞവർക്ക് നേരെ പൊലീസ് വെടിയുതിർക്കുന്നതിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം ഡല്‍ഹി പൊലീസ് സംഭവം തീര്‍ത്തും നിഷേധിക്കുകയായിരുന്നു.
ആക്രമണത്തിനിരയായ പൊലീസുകാര്‍ സ്വയരക്ഷക്ക് വേണ്ടിയാണ് വെടിവെച്ചതെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥൻ ആരോപിച്ചു. പ്രതിഷേധക്കാര്‍ പൊലീസിന് കല്ലെറിയുമ്പോൾ അതിനെ ചെറുക്കാൻ വേണ്ടിയാണ് പൊലീസ് ശ്രമിച്ചതെന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറയുന്നു . മഥുരയിലെ സംഭവത്തിന് ശേഷം പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പ് നടത്തിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. സഫ്ദർജംഗ് ആശുപത്രിയില്‍ പൊലീസ് വെടിയേറ്റ് ഒരാൾ ചികിത്സയില്‍ കഴിഞ്ഞെന്ന് ആരോപിച്ചിരുന്നെങ്കിലും അയാൾക്ക് കണ്ണീര്‍ വാതകമേറ്റ് പരിക്കേറ്റതാണെന്ന് പിന്നീട് കണ്ടെത്തി.
പ്രതിഷേധത്തിനിടെ നടന്ന എല്ലാ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുവരികയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (തെക്കുകിഴക്കൻ) ചിൻമോയ് ബിസ്വാൾ പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് ആകെ 10 കേസുകൾ ക്രൈംബ്രാഞ്ച് നിലവില്‍ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.