ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഷഹീന്‍ ബാഗ് ഏകോപന സമിതി തലവൻ ഷര്‍ജീല്‍ ഇമാമിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. ബീഹാർ സ്വദേശിയും ജവഹർലാൽ നെഹ്‌റു സർവകലാശാല പൂർവ്വ വിദ്യാർഥിയുമാണ് ഇമാം. ഡിസംബർ 13 ന് ജാമിയ മിലിയയിൽ ഷാർജൽ ഇമാം നടത്തിയ പ്രസംഗവും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.
ഇമാമിന്‍റെ പ്രസംഗങ്ങൾക്ക് ഇന്ത്യയുടെ മതപരമായ ഐക്യത്തിനും സമഗ്രതയ്ക്കും ദോഷം വരുത്തിയേക്കുമെന്ന് കണ്ടാണ് കേസ് രജിസ്റ്റർ ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു. അസമിനെ ഇന്ത്യയില്‍ നിന്നും ഒറ്റപ്പെടുത്തണം, നമ്മൾ വിചാരിച്ചാൽ സൈനികർ ബുദ്ധിമുട്ടിലാകും, ഒരുമാസത്തേക്ക് അവിടേക്കുള്ള റോഡ് റെയില്‍ ഗതാഗത മാർഗങ്ങൾ തടസപ്പെടുത്തണമെന്ന ഇമാമിന്‍റെ ആഹ്വാനമാണ് വിവാദമാകുന്നത്. അസമിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് വെട്ടിമാറ്റി സർക്കാരിനെ ഒരു പാഠം പഠിപ്പിക്കണം. എന്നാൽ മാത്രമേ സർക്കാർ പ്രതിഷേധക്കാരുടെ വാക്കുകൾ കേൾക്കൂ എന്നും ഇമാം പ്രസ്‌താവിച്ചു. ഐപിസി 124 എ, 153 എ, 505 വകുപ്പുകൾ പ്രകാരമാണ് കേസ്.