ന്യൂഡൽഹി: പ്ലാസ്‌മ തെറാപ്പിക്ക് ശേഷം ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പ്രതികരിച്ചതായി ആശുപത്രി അധികൃതർ. അദ്ദേഹത്തിന്‍റെ ശരീര താപനില കുറയുന്നതായും, ഐസിയുവിൽ തന്നെ തുടരുകയാണെന്നും മാക്‌സ് ആശുപത്രി അധികൃതർ അറിയിച്ചു. കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യമന്ത്രി 24 മണിക്കൂർ നിരീക്ഷണത്തിലായിരുന്നു. ശ്വാസതടസമോ, പനിയോ ഇല്ലെങ്കിൽ ഐസിയുവിൽ നിന്നും അദ്ദേഹത്തെ മാറ്റാനായിരുന്നു തീരുമാനം. എന്നാൽ ഓക്‌സിജന്‍റെ സഹായത്തോടെയാണ് ചികിത്സ നടത്തിയിരുന്നത്. വെള്ളിയാഴ്‌ച ന്യുമോണിയ കൂടി ബാധിച്ചതോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായി. ശേഷം മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി.
കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ടതു മുതൽ ആരോഗ്യമന്ത്രി രണ്ട് തവണ പരിശോധന നടത്തി. സത്യേന്ദ്ര ജെയിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നും, എത്രയും വേഗം രോഗമുക്തി നേടട്ടെയെന്നും എഎപി എംഎൽഎ സോംനാഥ് ഭാരതി ട്വിറ്ററിൽ കുറിച്ചു. കൊവിഡ് സ്ഥിരീകരിച്ച എഎപി എംഎൽഎ അതിഷി, ഡൽഹി സർക്കാർ ഉപദേഷ്‌ടാവ് അഭിനന്ദിത മാത്തൂർ, എഎപി വക്താവ് അക്ഷയ് മറാത്തെ എന്നിവർ ക്വാറന്‍റൈനിലാണ്.