ന്യൂഡൽഹി: ജൂൺ, ജൂലൈ മാസങ്ങളിൽ 40 ടി.എം.സി വെള്ളം തമിഴ്‌നാട്ടിലേക്ക് വിടാൻ കർണാടക സർക്കാരിന് കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി (സിഡബ്ല്യുഎംഎ)യുടെ നിർദേശം.
സുപ്രീം കോടതിയുടെ നിർദേശപ്രകാരം സിഡബ്ല്യുഎംഎ രൂപീകരിച്ചതിനുശേഷം നടന്ന ആറാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. വീഡിയോ കോൺഫറൻസിംഗിലൂടെ ബുധനാഴ്ചയായിരുന്നു യോഗം. സിഡബ്ല്യുഎംഎ ചെയർമാൻ രാജേന്ദ്ര കുമാർ ജെയിൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. മണിവാസഗനും കർണാടക, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു.
കാവേരിക്ക് കുറുകെ മെക്കഡാറ്റുവിൽ ചെക്ക് ഡാം സ്ഥാപിക്കാനുള്ള കർണാടക സർക്കാരിന്‍റെ നീക്കത്തെ യോഗത്തിൽ തമിഴ്‌നാട് എതിർത്തു. എന്നിരുന്നാലും, ശക്തമായ മഴക്കാലത്ത് വെള്ളം സംഭരിക്കാൻ സൗകര്യമില്ലെന്ന് കർണാടക വാദിച്ചു. തമിഴ്‌നാട്ടും പുതുച്ചേരിയും പദ്ധതിയെ എതിർത്തുകൊണ്ടിരുന്നത് യോഗത്തിൽ ആശയക്കുഴപ്പമുണ്ടാക്കി.