ന്യൂഡല്‍ഹി:പെഹ്‌ലുഖാന്‍ വധക്കേസിലെ കോടതി വിധിക്കെതിരെ ട്വീറ്റ് ചെയ്ത എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യത്തിന് ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. ബിഹാര്‍ സ്വദേശി സുധിര്‍ ഓജയെന്ന അഭിഭാഷകനാണ് കേസ് ഫയല്‍ ചെയ്തത്. 'വ്യക്തമായ തെളിവ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടത്'. എന്നാല്‍ കേസിലെ പ്രതികളെ വെറുതെ വിടാനുള്ള കോടതി തീരുമാനം ഞെട്ടിച്ചുവെന്നും മനുഷ്യത്വത്തിന് ഈ രാജ്യത്ത് ഒരു സ്ഥാനവുമില്ലെന്നുമായിരുന്നു പ്രിയങ്ക ട്വീറ്റ് ചെയ്തത്. പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റ് വിധിക്കെതിരാണെന്നും ഇത് കോടതിയലക്ഷ്യമാണെന്നും മതവിദ്വേഷം സൃഷ്ടിക്കുന്നതാണന്നും അഭിഭാഷകന്‍ പറഞ്ഞു.
2017 ഏപ്രില്‍ ഒന്നിനാണ് ഗോരക്ഷകര്‍ എന്നവകാശപ്പെടുന്നവര്‍ രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശിയായ പെഹ്‌ലുഖാന്‍ എന്ന ക്ഷീര കര്‍ഷകനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ജയ്പൂരില്‍ നടന്ന കന്നുകാലി മേളയില്‍ നിന്നും പെഹ്‌ലുഖാനും മക്കളുമടങ്ങുന്ന ആറംഗ സംഘം 75000 രൂപ കൊടുത്ത് രണ്ട് പശുക്കളെ വാങ്ങി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആള്‍വാറിലെ ഹൈവേയില്‍ വച്ചായിരുന്നു പെഹ്‌ലുഖാനെ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.