ഡെറാഡൂൺ: കൊവിഡ് -19 കാരണം ഉത്തരാഖണ്ഡിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് സെപ്റ്റംബർ 6 വരെ അടച്ചിടുമെന്ന് വൈസ് പ്രസിഡന്‍റ് ഡോ. ദേവേന്ദ്ര ഭാസിൻ അറിയിച്ചു. സെപ്റ്റംബർ 2 വരെ ഓഫീസ് അടച്ചിടാൻ നേരത്തെ പദ്ധതിയിട്ടിരുന്നുവെങ്കിലും സെപ്റ്റംബർ 6 വരെ ഇത് നീട്ടിയതായി ദേവേന്ദ്ര ഭാസിൻ പറഞ്ഞു.
ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷന്‍ ബന്‍സിധര്‍ ഭഗത്തിനും മകനും കൊവിഡ് ബാധിച്ചതോടെയാണ് ഓഫീസ് അടച്ചിടാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. കൊവിഡ് സ്ഥിരീകരിക്കുന്നതിന് അഞ്ച് ദിവസം മുന്‍പ് ഭഗത്തിന്‍റെ വസതിയില്‍ ബിജെപി പരിപാടി സംഘടിപ്പിച്ചിരുന്നു. തോക്ക് ചൂണ്ടി ഡാന്‍സ് കളിപ്പിച്ചതിന് സസ്‌പെന്‍ഷനിലായ എം.എല്‍.എ പ്രണവ് സിങ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്ന ചടങ്ങാണ് ഓഗസ്റ്റ് 24ന് ഭഗത്തിന്‍റെ വസതിയില്‍ നടന്നത്. നിരവധി ബിജെപി പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരും കൊവിഡ് പരിശോധന നടത്തണമെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിരുന്നു. അതേസമയം കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 6,442 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്.