ന്യൂഡല്‍ഹി: കൊവിഡ് 19 ഇന്ത്യയെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം സ്വയം പര്യാപ്‌തതയുടെ പ്രാധാന്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ പഞ്ചായത്തീരാജ് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ഗ്രാമ പഞ്ചായത്ത് തലവൻമാരുമായി വീഡിയോ കോൺഫറൻസിലൂടെ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.
സ്വയം പര്യാപ്‌തമാകുന്നതിന്‍റെ പ്രാധാന്യമാണ് കൊറോണ വൈറസ് മൂലമുണ്ടായ പ്രതിസന്ധി നമ്മെ പഠിപ്പിക്കുന്നത്. ഈ പ്രതിസന്ധി നമ്മുടെ ഗ്രാമങ്ങൾ പോലും അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് സ്വയം പര്യാപ്‌തമാവേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാണിച്ചു തരുന്നു. രാജ്യം മുമ്പൊരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത വെല്ലുവിളികളാണ് കൊവിഡ് വ്യാപനം മൂലം ഉണ്ടായിരിക്കുന്നത്. എന്നാലിത് പുതിയ കാര്യങ്ങൾ പഠിക്കാനും ചിന്തിക്കാനും ജനങ്ങളെ പ്രേരിപ്പിച്ചു. കൊവിഡ് പ്രതിസന്ധിക്കിടയിൽ പരിമിതമായ വിഭവങ്ങൾ മാത്രം ഉണ്ടായിരുന്നിട്ടും, ബുദ്ധിമുട്ടുകളെ പൗരന്മാർ വെല്ലുവിളികളായി ഏറ്റെടുക്കുകയാണെന്നും മോദി പറഞ്ഞു.
ലോക്ക് ഡൗൺ നിര്‍ദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കുന്നത് കൊണ്ടാണ് ഇന്ന് ലോകം ഇന്ത്യ കൊവിഡിനെ പ്രതിരോധിക്കുന്ന രീതിയെപ്പറ്റി ചര്‍ച്ച ചെയ്യുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. ദേശീയ പഞ്ചായത്തിരാജ് ദിനത്തോടനുബന്ധിച്ച് ഇ-ഗ്രാമസ്വരാജ് പോര്‍ട്ടലും സമിത്വ യോജന പദ്ധതിയും പ്രധാന മന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തു.