ലക്‌നൗ: ഉത്തർപ്രദേശിലെ ആഗ്രയില്‍ കൊവിഡ് കേസുകൾ 700 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26 പേർ കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് കേസുകളുടെ എണ്ണം 706 ആയി. 23 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 303 പേര്‍ രോഗമുക്തരായതായി ജില്ലാ മജിസ്‌ട്രേറ്റ് പി.എൻ.സിങ് അറിയിച്ചു.
പുതിയ കേസുകൾ കൂടുതലും റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നാണ്. സമ്പര്‍ക്കത്തിലൂടെയും രോഗം പകര്‍ന്നിട്ടുണ്ട്. ജില്ലാ ആരോഗ്യ വകുപ്പ് ഇതുവരെ 8,835 സാമ്പിളുകൾ ശേഖരിച്ചു കഴിഞ്ഞു. ഫിറോസാബാദിൽ 174 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മഥുരയിൽ രണ്ട് പുതിയ കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ ആകെ കൊവിഡ് കേസുകൾ 38 ആയി.
ആഗ്രയിലേക്ക് മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികളെ 14 ദിവസം പാര്‍പ്പിക്കാനായി പുതിയ ക്വാറന്‍റൈൻ കേന്ദ്രങ്ങൾ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഡിവിഷണൽ കമ്മിഷണർ അനിൽ കുമാർ ഹോട്ട്‌സ്‌പോട്ടുകളും സർക്കാർ ആശുപത്രികളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.