ജയ്പൂർ: രാജസ്ഥാനിൽ 24 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 325 ആയി. വൈറസ് ബാധയെത്തുടര്‍ന്ന് ഇതുവരെ ആറ് പേരാണ് മരിച്ചത്. എന്നാൽ കൊവിഡ് ബാധ കൂടാതെ മറ്റുള്ള അസുഖം കൂടിയുള്ളവരാണ് മരിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ജയ്പൂർ, ജോധ്പൂർ, ബൻസ്വര, ചുരു എന്നി ജില്ലകളിൽ നിന്നുൾപ്പെടെയാണ് 24 കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച എല്ലാവർക്കും സമ്പർക്കവും യാത്രാ ചരിത്രവുമുണ്ടെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു. ജോധ്പൂരിൽ ഒൻപത് കേസുകളും ജയ്സാൽമീറില്‍ ഏഴ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ബൻസ്വരയിൽ 4 കേസുകൾ, ജയ്പൂരിൽ 3, ചുരുവിൽ ഒന്ന് എന്നിങ്ങനെയാണ് കണക്കുകൾ. മാർച്ച് 22 മുതൽ സംസ്ഥാനത്ത് ലോക് ഡൗൺ നിലവിൽ വന്നിരുന്നു. കൂടാതെ പകർച്ചവ്യാധി കണ്ടെത്തുന്നതിനായി വിപുലമായ സർവേയും സ്ക്രീനിംഗും നടക്കുന്നുണ്ടെന്നും അഡീഷണൽ ചീഫ് സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു.