അമൃത്‌സര്‍: കൈക്കൂലി കേസിൽ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പഞ്ചാബ് വിജിലൻസ് ബ്യൂറോ കേസെടുത്തു. അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടര്‍ മഹീന്ദർ സിങ്, ഹെഡ് കോൺസ്റ്റബിള്‍മാരായ പൽവീന്ദർ സിങ്, രാം സിങ്, കോൺസ്റ്റബിള്‍മാരായ രാജ്‌ബീര്‍ സിങ്, ഹർപിന്ദർ സിങ്, പൽവീന്ദർ സിങ്, ഹോം ഗാർഡ് ലത സിങ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരാതി നല്‍കി രണ്ട് വര്‍ഷത്തിന് ശേഷമാണ് നടപടിയുണ്ടായിരിക്കുന്നത്. പരാതിക്കാരനായ ബൽദേവിന്‍റെ സഹോദരൻ സുഖ്‌ദേവ് സിങ്ങിൽ നിന്ന് വിവിധ സന്ദർഭങ്ങളിൽ 65,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി.
2018 ആഗസ്റ്റിലാണ് കേസിനാസ്‌പദമായ സംഭവം. ചട്ടിവിന്ദ് ഗ്രാമത്തില്‍ കൻവാൾപ്രീത് സിങ് എന്നയാള്‍ നടത്തുന്ന കടയുടെ സിസിടിവി ക്യാമറയ്ക്ക് ഗുർഹർപ്രീത് സിങ് എന്നയാള്‍ കേടുവരുത്തി. തുടര്‍ന്ന് കൻവാൾപ്രീത് സിങ്, ബൽദേവ് സിങ്, സുഖ്‌വന്ത് സിങ് എന്നിവര്‍ പ്രതി ഗുർഹപ്രീത് സിങ്ങിനെ കാണാൻ പോയി. അവിടെ വച്ച് ഗുര്‍ഹര്‍പ്രീത് സിങ്ങും സുഹൃത്തുക്കളും ഇവരെ ആക്രമിച്ചെന്നാണ് പരാതി. തുടര്‍ന്ന് സുഖ്‌ദേവ് സിങ്ങും സുഹൃത്തുക്കളും പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ കേസടുത്തതല്ലാതെ അറസ്റ്റുണ്ടായില്ല. കേസ് അന്വേഷിക്കാൻ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. പരാതി സത്യമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
ഹെഡ് കോൺസ്റ്റബില്‍ രാം സിങ്, കോൺസ്റ്റബിള്‍മാരായ ഹർപിന്ദർ സിങ്, പൽവീന്ദർ സിങ്, ഹോം ഗാർഡ് ലത സിങ് എന്നിവരെ അറസ്റ്റ് ചെയ്‌തതായും മറ്റുള്ളവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടിയുമുണ്ടാകും.