ന്യൂഡൽഹി: ഭീകരവാദ പ്രവർത്തനങ്ങളെ കൂട്ടായി നേരിടണമെന്ന ആഹ്വാനവുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ രംഗത്ത്. ബുധനാഴ്ച ചേർന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) യിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എസ്‌സിഒയുടെ വിവിധ അംഗരാജ്യങ്ങളുമായി വീഡിയോ കോൺഫറൻസിലൂടെയാണ് സമ്മേളനം നടന്നത്.
റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചൈനയുടെ വാങ് യി, പാക്കിസ്ഥാന്‍റെ ഷാ മെഹ്മൂദ് ഖുറേഷി എന്നിവരുൾപ്പെടെ എല്ലാ എസ്‌സിഒ രാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തു. കൊവിഡ് 19 പ്രതിസന്ധിയെക്കുറിച്ചും ഇതുമൂലമുണ്ടായ സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിൽ എസ്‌സിഒ അംഗ രാജ്യങ്ങൾ തമ്മിലുള്ള ഏകോപന സാധ്യതയും സമ്മേളനത്തിൽ ചർച്ച ചെയ്തു.
എസ്‌സിഒ രാജ്യങ്ങളുമായി ഒന്നിച്ച് നിന്ന് കൊവിഡ് 19 മഹാമാരിയെ ചെറുക്കാമെന്ന് എസ്. ജയശങ്കർ അറിയിച്ചതായി എംഇഎ പ്രസ്താവനയിൽ പറഞ്ഞു. സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചതടക്കം പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ സ്വീകരിച്ച എല്ലാ മുൻകരുതലുകളും അദ്ദേഹം കൂടിക്കാഴ്ചയിൽ ഉയർത്തിക്കാട്ടി. സെന്‍റ് പീറ്റേഴ്‌സ്ബർഗിൽ നടക്കാനിരിക്കുന്ന എസ്‌സിഒ ഉച്ചകോടിയുടെ തയ്യാറെടുപ്പുകളെക്കുറിച്ചും വിദേശകാര്യ മന്ത്രിമാർ ചർച്ച ചെയ്തു.