ഭോപ്പാൽ (മധ്യപ്രദേശ്): പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി നടത്തുന്ന ബോധവൽകരണ പരിപാടി ലോക്‌സഭാ എംപി പ്രഗ്യ സിംഗ് താക്കൂർ ഉദ്ഘാടനം ചെയ്തു. തന്‍റെ നിയോജകമണ്ഡമായ ഭോപ്പാലിലാണ് പ്രചാരണവുമായി അവർ എത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവർ ഭരണഘടനക്കെതിരെയാണ് പ്രതിഷേധിക്കുന്നതെന്ന് അവർ പറഞ്ഞു. ഒരു ബില്ലിൽ രാഷ്ട്രപതി ഒപ്പ് വയ്‌ക്കുന്നതോടെ അത് ഒരു നിയമമായി മാറുന്നുവെന്നും ഈ നിയമത്തെ എതിർക്കുന്നവർ ഭരണഘടനയെയാണ് എതിർക്കുന്നതെന്നും ലഘുലേഖ വിതരണം ചെയ്യുന്നതിനിടെ താക്കൂർ പറഞ്ഞു. ഒരു നിയമം നടപ്പാക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി വർക്കിങ് പ്രസിഡന്‍റ് ജെപി നദ്ദ എന്നിവരുൾപ്പെടെ എല്ലാ മുതിർന്ന നേതാക്കളും ജനുവരി അഞ്ചിന് രാജ്യത്തുടനീളം പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് പരിപാടികൾ നടത്തി.