ഭുവനേശ്വർ: ഒഡീഷയിലെ ഖട്ടക്കിൽ ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയുടെ വൃക്ക ദാനം ചെയ്തു. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ഗഞ്ചമിലെ പ്രിയങ്കാ റാണി പാത്രയെന്ന യുവതിയുടെ വൃക്കയാണ് ദാനം ചെയ്തത്. എസ്.സി.ബി ആശുപത്രിയിലാണ് സംസ്ഥാനത്ത് ആദ്യമായി മസ്തിഷ്‌ക മരണം സംഭവിച്ചയാളിൽ നിന്ന് അവയവദാനം നടത്തിയത്.
ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പ്രിയങ്കയുടെ കുടുംബം പിന്നീട് അവയവദാനത്തിന് സമ്മതിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. സ്വകാര്യ ആശുപത്രിയിലേക്ക് എസ്.സി.ബി ആശുപത്രിയിലെ ഡോക്ടർമാർ എത്തിയാണ് വൃക്കവേർപെടുത്തിയത്. തുടർന്ന് എസ്.സി.ബി ആശുപത്രിയിൽ എത്തിച്ച് ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ഒടുവിലാണ് വൃക്ക മറ്റൊരാളുടെ ശരീരത്തില്‍ തുന്നിച്ചേർത്തത്.