പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. സംസ്ഥാനത്തെ തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിനായിക്കും മഹാസഖ്യ സര്‍ക്കാര്‍ മുൻഗണന നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ നിയമസഭാ സമ്മേളനത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നയത്തിനെതിരെ പ്രമേയം പാസാക്കുമെന്നും തേജസ്വി യാദവ് വ്യക്തമാക്കി.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിയുള്ള പ്രചാരണപരിപാടികളാണ് മഹാസഖ്യം നടത്തുന്നത്. നവംബര്‍ 10 ന് വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ ബിഹാര്‍ ഒരു പുതിയ പ്രഭാതത്തിന് സാക്ഷ്യം വഹിക്കുമെന്നും മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കൂടിയായ തേജസ്വി പറഞ്ഞു. സംസ്ഥാനത്തെ തൊഴില്‍ രഹിതരായ പത്ത് ലക്ഷം യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നത് ചരിത്രത്തില്‍ തന്നെ ആദ്യത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. അധികാരത്തിലെത്തിയാല്‍ ആദ്യം ഒപ്പിടുക ഇതുമായി ബന്ധപ്പെട്ട ഫയലായിരിക്കുമെന്നും ദേശീയ വാര്‍ത്താ ഏജൻസിയായ പിടിഎയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ തേജസ്വി യാദവ് വ്യക്തമാക്കി.
എത്ര സീറ്റുകള്‍ നേടുമെന്ന ചോദ്യത്തില്‍ താൻ ജോല്‍സ്യനല്ലെന്നായിരുന്നു തേജസ്വിയുടെ ആദ്യ പ്രതികരണം. എന്നാല്‍ പ്രചാരണ വേളയില്‍ ജനങ്ങളില്‍ നിന്നുണ്ടായ പ്രതികരണങ്ങളില്‍ നിന്ന് തനിക്ക് വലിയ ആത്മവിശ്വസമുണ്ടായതായി തേജസ്വി യാദവ് പറഞ്ഞു. അവരുടെ അനുഗ്രഹങ്ങളില്‍ നിന്ന് എനിക്ക് വ്യക്തമാകുന്നത് അവര്‍ ഞങ്ങളെ വലിയ ഉത്തരവാദിത്വം ഏല്‍പ്പിക്കാൻ പോകുകയാണെന്നാണെന്നും തേജസ്വി യാദവ് പറഞ്ഞു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി മഹാസഖ്യം അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 15 വര്‍ഷം നീണ്ടു നിന്ന നിതീഷ് കുമാര്‍ സര്‍ക്കാരിന്‍റെ ഭരണം സംസ്ഥാനത്തിന് യാതൊരു പുരോഗതിയും നല്‍കിയില്ല. നിര്‍ണായക വിഷയങ്ങളായ വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, വ്യവസായം തുടങ്ങിയ മേഖലയില്‍ യാതൊരു ഉത്തരവാദിത്തവും നിതീഷ് കുമാര്‍ സര്‍ക്കാര്‍ കാണിച്ചിട്ടില്ല. എല്ലാ മേഖലയിലും സമ്പൂര്‍ണമായ മാറ്റം കൊണ്ടുവരികയാണ് തങ്ങളുടെ ലക്ഷ്യമെന്ന് തേജസ്വി യാദവ് പറഞ്ഞു.
എൻഡിഎ വിട്ട ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷൻ ചിരാഗ് പസ്വാനുമായി തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാകാനുള്ള സാധ്യത തേജസ്വി യാദവ് തള്ളി. തന്‍റെ പിന്തുണ ബിജെപിക്കുണ്ടെന്ന് ചിരാഗ് പസ്വാൻ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അതിനാല്‍ അത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും തേജസ്വി യാദവ് പ്രതികരിച്ചു. എഐഎംഐഎം - ബഹുജൻ സമാജ് പാര്‍ട്ടി - ആര്‍എല്‍പി പാര്‍ട്ടികളുടെ മൂന്നാം സഖ്യത്തില്‍ തെരഞ്ഞെടുപ്പില്‍ കാര്യമായ ചലനം സൃഷ്‌ടിക്കാൻ കഴിയില്ലെന്നും തേജസ്വി യാദവ് പറഞ്ഞു. ബിഹാറിലെ ജനങ്ങള്‍ വ്യക്തമായ രാഷ്‌ട്രീയ കാഴ്‌ചപ്പാടുള്ളവരാണെന്നും ബിജെപിയുടെ എ.ബി.സി സഖ്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഒന്നും നേടില്ലെന്നും തേജസ്വി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നയിക്കുന്ന എൻഡിഎയും പ്രചാരണങ്ങള്‍ തന്നെ ഒട്ടും ആശങ്കപ്പെടുത്തുന്നില്ലെന്നും തേജസ്വി വ്യക്തമാക്കി. പന്ത്രണ്ടര കോടിയോളം വരുന്ന ബിഹാര്‍ ജനത സംസ്ഥാനത്ത് നിലവിലുള്ള നിരവധി പ്രശ്‌നങ്ങള്‍ മനസിലാക്കിയവരാണ്. തൊഴിലില്ലായ്‌മ, അഴിമതി, ദാരിദ്രം, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങളെ ഇല്ലാതാക്കാൻ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങള്‍ക്കറിയാമെന്നും തേജസ്വി യാദവ് പറഞ്ഞു. 243 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായാണ് നടക്കുന്നത്. ഒക്‌ടോബര്‍ 28നാണ് ആദ്യഘട്ടം.