പാട്ന : ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നതിന്‍റെ അടിസ്ഥാനത്തിൽ ബിഹാറിലേക്ക് മടങ്ങിയെത്തുന്ന കുടിയേറ്റക്കാരുടെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈൻ രജിസ്ട്രേഷൻ തിങ്കളാഴ്ച മുതൽ നിർത്തി വെച്ചതായി ബിഹാർ ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
ഇതുവരെ 28 മുതൽ 29 ലക്ഷം വരെ കുടിയേറ്റക്കാർ സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇവരിൽ 8.77 ലക്ഷം പേരെ 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈൻ പൂർത്തിയാക്കിയ ശേഷം ഡിസ്ചാർജ് ചെയ്തു. നിലവിൽ 5.30 ലക്ഷം കുടിയേറ്റക്കാർ സംസ്ഥാനത്തൊട്ടാകെയുള്ള ബ്ലോക്ക്, ജില്ലാതല നിരീക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്നുണ്ട്. രാജ്യത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ കുടിയേറ്റക്കാർ അധികമായി എത്തുന്നു. ഇപ്പോൾ ആർക്കും ട്രെയിൻ, ബസ്, കാർ അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗത്തിൽ സംസ്ഥാനത്ത് വരാം. വരുന്നവർ കുടിയേറ്റക്കാരല്ലെന്ന് ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രത്യയ അമൃത് പറഞ്ഞു. ലോക്ക്ഡൗൺ കാലയളവിൽ ആളുകൾക്ക് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നതിന് പാസുകൾ ആവശ്യമായിരുന്നു. എന്നാൽ ഇളവുകൾ വന്നതേടെ അത്തരം ആവശ്യകതകൾ ഇല്ലാതായി. രജിസ്റ്റർ ചെയ്ത കുടിയേറ്റക്കാരുടെ അവസാന ബാച്ചിന്‍റെ 14 ദിവസത്തെ നിരീക്ഷണം അവസാനിച്ച് ജൂൺ 15 ന് ശേഷം നിരീക്ഷണ കേന്ദ്രങ്ങൾ അടച്ചിടുമെന്നും പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞു. ബിഹാർ ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം മെയ് മൂന്നിന് ശേഷം 2,743 കുടിയേറ്റക്കാർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.