ബെംഗളൂരു: രാത്രികാലങ്ങളില്‍ ബെംഗളൂരുവിന്‍റെ തെരുവുകളെ ഭീതിയുടെ നിഴലില്‍ നിര്‍ത്തിയ ഏഴ് 'പ്രേതാത്മാക്കളെ' പൊലീസ് കഴിഞ്ഞ ദിവസം പിടികൂടി. ബെംഗളൂരു സ്വദേശികളായ ഏഴ് കോളജ് വിദ്യാര്‍ഥികളാണ് പൊലീസ് പിടിയിലായത്. രാത്രികാലങ്ങളില്‍ വെള്ള വസ്‌ത്രം ധരിച്ച് ചോരക്കറയും നീണ്ട മുടിയുമായി തെരുവുകളിലേക്കിറങ്ങും. കടത്തിണ്ണയില്‍ കിടന്നുറങ്ങുന്നവരും വാഹനയാത്രക്കാരും അപ്രതീക്ഷിതമായി ഈ രൂപത്തെ കണ്ട് പേടിച്ചോടും. തുടര്‍ന്ന് ഇതെല്ലാം ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യും.
സംഘത്തിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലാകുന്നത്. ഇവര്‍ക്കെതിരെ 341, 504, 506, 34, എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത ശേഷം ജാമ്യത്തിന്‍ വിട്ടയച്ചു.