ലക്‌നൗ: പാകിസ്ഥാനിലെ ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുന്നതിനെതിരെ അലിഗഡ് ബജ്‌റംഗ്‌ദൾ അനുകൂലികൾ രംഗത്ത്. പാകിസ്ഥാൻ പതാകകൾ റോഡിൽ ഒട്ടിച്ചും മുദ്രാവാക്യം വിളിച്ചുമാണ് ഇവർ പ്രതിഷേധിച്ചത്. കഴിഞ്ഞ ഡിസംബർ 30ന് പാകിസ്ഥാനിലെ ഖൈബർ പഖ്‌തുന്‍ഖ്വ പ്രവിശ്യയിൽ ഹിന്ദു ക്ഷേത്രം പൊളിച്ചുമാറ്റിയിരുന്നു. ഇതിൽ പ്രധിഷേധിച്ചാണ് ഇന്ത്യയിൽ പ്രകടനങ്ങൾ സംഘടിപ്പിച്ചത്. പ്രശ്‌നം ഐക്യരാഷ്‌ട്രസഭയിൽ ഉന്നയിക്കാൻ ബജ്രംഗ്‌ദൾ കൺവീനർ ശർമ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു. പാകിസ്ഥാനിലെ തീവ്രവാദികൾ ന്യൂനപക്ഷ ഹിന്ദുക്കളെ ആക്രമിക്കുകയാണെന്നും ശർമ ആരോപിച്ചു.
അക്രമാസക്തമായ ഒരുക്കൂട്ടം ആളുകൾ ക്ഷേത്രത്തിൻ്റെ മതിലുകളും മേൽക്കൂരയും നശിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പാക്കിസ്ഥാനിലെ സുന്നി ദിയോബണ്ടി രാഷ്‌ട്രീയ പാർട്ടിയായ ജാമിയത്ത് ഉലമ-ഇ ഇസ്ലാം-ഫസൽ (ജെ.യു.ഐ-എഫ്) സംഘടിപ്പിച്ച റാലിയുടെ ഭാഗമായായിരുന്നു അക്രമം നടന്നത്.