ലഖ്‌നൗ: ബാബറി മസ്ജിദ് കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ട് കോടതി വിധി പ്രഖ്യാപിച്ചു. ബാബറി മസ്‌ജിദ് തകർത്തത് മുൻകൂട്ടി ആസൂത്രണം ചെയ്യാതെയെന്ന് കോടതി. ഗൂഡാലോചനയ്ക്ക് തെളിവില്ലെന്നും കോടതി വിധിയിൽ പറഞ്ഞു. ബിജെപി മുതിര്‍ന്ന നേതാക്കളായ എല്‍. കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍സിങ് ഉൾപ്പെടെ 32 പ്രതികളെയും വെറുതെ വിട്ടു. ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
ലാൽ കൃഷ്ണ അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിംഗ്, ഉമാ ഭാരതി, സതീഷ് പ്രധാൻ, മഹാന്ത് നൃത്ത ഗോപാൽ ദാസ് എന്നിവരൊഴികെ ബാബ്രി മസ്ജിദ് പൊളിച്ചുമാറ്റിയ കേസിലെ പ്രതികളെല്ലാം ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയിൽ എത്തിയിരുന്നു. സിബിഐ പ്രത്യേക കോടതി ജഡ്ജി എസ്. കെ. യാദവാണ് വിധി പറഞ്ഞത്.
വിധി പ്രഖ്യാപനത്തെ തുടർന്ന് യുപിയിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോടതി കെട്ടിടത്തിന് സമീപമുള്ള മിക്ക ക്രോസ് സെക്ഷനുകൾക്കും സമീപം തടികൊണ്ടുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൈസർബാഗ് ബസ് സ്റ്റാൻഡിൽ നിന്ന് ബസുകൾ വഴിതിരിച്ചുവിട്ടു.