ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ സുരക്ഷയ്ക്കായി നിയോഗിച്ച കരസേന ജവാൻ ഇന്ന് രാവിലെ ആത്മഹത്യ ചെയ്തു. കെട്ടിട സമുച്ചയത്തിലെ ബരാക് ക്വാർട്ടേഴ്സിൽ സീലിങ്ങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ജവാനെ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് ന്യൂഡൽഹി അഡീഷണൽ ഡിസിപി ദീപക് യാദവ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടനെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി ജവാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മരിച്ച ഉദ്യോഗസ്ഥൻ ബേസ് ആശുപത്രിയിൽ രക്തസമ്മർദ്ദത്തിന് ചികിത്സയിലായിരുന്നു.
കഴിഞ്ഞ വർഷം കരസേന ഉദ്യോഗസ്ഥർക്കിടയിൽ 73 ആത്മഹത്യ കേസുകൾ റിപ്പോർട്ട് ചെയ്തതായി പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായിക് നേരത്തെ പറഞ്ഞിരുന്നു. പരിശീലനം ലഭിച്ച സൈക്കോളജിക്കൽ കൗൺസിലർമാരെ വിന്യസിക്കുക, ഭക്ഷണത്തിന്‍റെയും വസ്ത്രത്തിന്‍റെയും ഗുണനിലവാരം ഉയർത്തുക, സ്‌ട്രെസ് മാനേജ്‌മെന്‍റിൽ പരിശീലനം, വിനോദ സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.