ന്യൂഡൽഹി: കൊവിഡ് പരിശോധനക്കായി ഐസിഎംആർ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് ആംആദ്‌മി രാജ്യസഭ എം.പി സജ്ജയ് സിങ് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധന് കത്തയച്ചു. കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നും ഇതിനായി ഐസിഎംആർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ഭേദഗതികളിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. രോഗബാധിതരാണെന്ന് സംശയിക്കുന്ന ആർക്കും ലാബുകളിൽ പോയി പരിശോധന നടത്താൻ അനുവാദം നൽകണമെന്നും കൂടുതൽ ലാബുകൾക്ക് ലൈസൻസ് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പരിശോധന വർധിക്കുന്നതിലൂടെ മാത്രമാണ് രോഗികളെ കണ്ടെത്താനാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 386 മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. അതേ സമയം കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.