ലക്നൗ: ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ അന്‍ലയിലെ വിവാഹ ചടങ്ങില്‍ നിന്ന് കാണാതായ എട്ടുവയസുകാരിയുടെ മൃതദേഹം കുട്ടിയുടെ ഗ്രാമമായ ഖതേട്ടയില്‍ നിന്ന് കണ്ടെത്തി. ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയ വിവരം ഗ്രാമത്തലവനാണ് പൊലീസില്‍ അറിയിച്ചത്.
തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ കാണാതായ എട്ടുവയസുകാരിയുടെയതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ബറേലി പൊലീസ് സൂപ്രണ്ട് ശൈലേഷ് കുമാര്‍ പാണ്ഡെ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് കുട്ടിയുടെ ഗ്രാമത്തിനോട് ചേര്‍ന്നുള്ള ഒരു വിവാഹചടങ്ങില്‍ നിന്ന് പെണ്‍കുട്ടിയെ അര്‍ധരാത്രിയോടെ കാണാതായത്. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.