ബെംഗളൂരു: പിഎസ്എല്‍വി-സി49 വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെൻ്ററില്‍ ഇന്ന് വൈകീട്ട് 3.02 ന് നടക്കും. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് - 1നെയും ഒന്‍പത് വിദേശ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. കൗണ്ട്ഡൗണ്‍ തുടങ്ങിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ന്യൂ സ്‌പെയ്‌സ് ഇന്ത്യ ലിമിറ്റഡ്, ബഹിരാകാശ വകുപ്പ് എന്നിവയുമായുണ്ടാക്കിയ കരാറിൻ്റെ അടിസ്ഥാനത്തിലാണ് ഒന്‍പത് വിദേശ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കുന്നത്. വെള്ളിയാഴ്‌ച ഉച്ചക്ക് 1.02ന് കൗണ്ട്ഡൗണ്‍ തുടങ്ങിയതായി ഐഎസ്ആര്‍ഒ മുതിർന്ന ഉദ്യോഗസ്ഥൻ ട്വീറ്റ് ചെയ്‌തു. കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം. ശ്രീഹരിക്കോട്ടയില്‍നിന്നുള്ള 76-ാമത്തെ വിക്ഷേപണവും പിഎസ്എല്‍വിയുടെ 51-ാം വിക്ഷേപണവുമാണ് നടക്കുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സന്ദര്‍ശക ഗാലറി അടച്ചിടും.
റിസാറ്റ് 2 ബിആർ 2 എന്ന് നേരത്തെ പേരിട്ടിരുന്ന ഉപഗ്രഹം, എല്ലാ കാലാവസ്ഥയിലും ചിത്രങ്ങളെടുക്കാൻ ശേഷിയുള്ളതാണ്. ചിത്രങ്ങൾ ദുരന്ത നിവാരണത്തിനും, കാർഷിക ഗവേഷണത്തിനും, വന മേഖലയുടെ നിരീക്ഷണത്തിനും മുതൽക്കൂട്ടാകും. ന്യൂ സ്പേയ്‌സ് ഇന്ത്യ ലിമിറ്റഡുമായുള്ള കരാറടിസ്ഥാനത്തിൽ ഒൻപത് ചെറു ഉപഗ്രങ്ങളും പിഎസ്എൽവി സി - 49 ദൗത്യത്തിൻ്റെ ഭാഗമാണ്. ലിത്വാനയിൽ നിന്നുള്ള ആർ -2 എന്ന പരീക്ഷണ ഉപഗ്രഹവും, ലക്‌സംബർഗിലെ സ്വകാര്യ കമ്പനിയായ ക്ലിയോസ് സ്പേസിൻ്റെ നാല് ഉപഗ്രങ്ങളും, അമേരിക്കയിൽ നിന്നുള്ള സ്പൈർ ഗ്ലോബൽ കമ്പനിയുടെ നാല് ഉപഗ്രങ്ങളുമാണ് കരാർ അടിസ്ഥാനത്തിൽ വിക്ഷേപിക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ അസാധാരണ നടപടികളിലൂടെയാണ് പിഎസ്എൽവിയെ വീണ്ടും വിക്ഷേപണത്തറിയിലെത്തിച്ചിരിക്കുന്നത്. തിരുവനന്തപുരം വിഎസ്എസ്‍സിയിൽ തയാറാക്കിയ വെർച്വൽ കണ്ട്രോൾ സെൻ്ററിൽ നിന്നാണ് ലോഞ്ച് വെഹിക്കിൾ അസംബ്ലിയും, സുരക്ഷാ പരിശോധനയുമടക്കമുള്ള ജോലികൾ പൂർത്തിയാക്കിയത്.