ലഖ്‌നൗ: നോയിഡയിൽ ബഹുനില കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്ന് വീണ് രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെക്ടർ 11ൽ നിർമിക്കുന്ന കെട്ടിടം ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. രക്ഷാപ്രവർത്തനത്തിനായി നിരവധി പൊലീസ് ഉദ്യോഗസ്ഥരും അഗ്നിശമന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും ടീമുകളും സ്ഥലത്തെത്തിയിട്ടുണ്ട്.
പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് ജില്ലാ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. ഇതേതുടർന്ന് ഗൗതം ബുദ്ധ നഗർ പൊലീസ് കമ്മീഷണർ അലോക് സിംഗിനോട് സംഭവസ്ഥലത്തെത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി നേരിട്ട് സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം എൻഡിആർഎഫിന്‍റെ ഒരു സംഘത്തെയും രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. എൻഡിആർഎഫ് ടീം രക്ഷാപ്രവർത്തനം തുടരുകയാണ്. ഡോഗ് സ്ക്വാഡിന്‍റെയും സാങ്കേതിക സ്ക്വാഡിന്‍റെയും സംഘവും സ്ഥലത്തുണ്ട്. കെട്ടിടം തകർന്നതിന്‍റെ കാരണം വിലയിരുത്താൻ നോയിഡ അതോറിറ്റിയിൽ നിന്നുള്ള എഞ്ചിനീയർമാരും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തിയതായി പൊലീസ് കമ്മീഷണർ അലോക് സിംഗ് പറഞ്ഞു പറഞ്ഞു.