ഛണ്ഡീഗഡ്: ഹരിയാനയിലെ ഹിസാർ ജില്ലയിലെ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് 17 ജുവനൈൽ തടവുകാർ ഓടി രക്ഷപ്പെട്ടു. പ്രധാന ഗേറ്റിന്‍റെ പ്രവേശന കവാടത്തിലുള്ള ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനെ തുടർന്നാണ് ഇവരെ നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചത്. വൈകുന്നേരം ആറുമണിയോടെ തടവുകാർക്ക് ഭക്ഷണം നൽകിയ സമയത്താണ് ജയിൽ ഉദ്യോഗസ്ഥരെ ഇവർ ആക്രമിച്ചത്. ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
വിവിധ കേസുകളിൽ കുറ്റാരോപണം നേരിടുന്ന ജുവനൈൽസ് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയിലൂടെയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 97 അന്തേവാസികളുള്ള നിരീക്ഷണ ഭവനത്തിൽ നടത്തിയ കണക്കെടുപ്പിലാണ് 17 പേർ രക്ഷപ്പെട്ടതായി കണ്ടെത്തിയത്. ഇതു സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ജില്ലയുടെ അതിർത്തികൾ അടച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 2017 ജൂണിലും സമാനമായ സംഭവം നടന്നിട്ടുണ്ട്.