മുംബൈ: കനത്ത മഴയെ തുടർന്ന് സോളാപൂരിലെ വിവിധ പ്രദേശങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് മരണം 14 ആയി. 570ഓളം ഗ്രാമങ്ങളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം പാണ്ഡാർപൂരിൽ മതിൽ തകർന്ന് ആറ് പേർ മരിച്ചിരുന്നു. കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്നാണ് മറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത്. പാണ്ഡാർപൂർ സംഭവത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാർ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയാണ് കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്യുന്നത്.
പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സോളാപൂർ, കോലാപൂർ, സാംഗ്ലി, പൂനെ, സതാര, മറാത്തവാഡയിലെ ലത്തൂർ, ഉസ്മാനാബാദ്, ബീഡ് എന്നിവിടങ്ങളിലാണ് മഴ കൂടുതലായി നാശം വിതച്ചിരിക്കുന്നത്. അതേ സമയം സംസ്ഥാന ഭരണകൂടത്തോടും കരസേന, നാവികസേന, വ്യോമസേന എന്നിവരോടും അതീവ ജാഗ്രത പാലിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു.