ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് പുതുതായി ടാർ ചെയ്‌ത റോഡ് തകർന്ന സംഭവത്തിൽ റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന മൂന്ന് എഞ്ചിനീയർമാർക്ക് നോട്ടീസ് നൽകി ബ്രഹത്ത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി). തകർന്ന റോഡിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഓഫിസ് കർണാടക മുഖ്യമന്ത്രിയുടെ ഓഫിസിനോട് റിപ്പോർട്ട് തേടിയിരുന്നു.
തുടർന്ന് വിഷയത്തിൽ അന്വേഷണം നടത്താനും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബിബിഎംപി കമ്മിഷണർ തുഷാർ ഗിരിനാഥിന് നിർദേശം നൽകി. ഇതിനുപിന്നാലെയാണ് എഞ്ചിനീയർമാർക്ക് ബിബിഎംപി നോട്ടീസ് നൽകിയത്.
ബെംഗളൂരുവിലെ ജ്ഞാനഭാരതി റോഡ് ആണ് ടാർ ചെയ്‌തതിന് പിന്നാലെ തകർന്നത്. ബി.ആർ അംബേദ്‌കർ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് കാമ്പസ് ഉദ്‌ഘാടനത്തിനായി തിങ്കളാഴ്‌ച റോഡിലൂടെ യാത്ര ചെയ്‌തിരുന്നു. ഇതിനു പിന്നാലെ ചൊവ്വാഴ്‌ചയാണ് റോഡ് തകർന്നത്.
രാത്രി പെയ്‌ത മഴയിലാണ് റോഡ് തകർന്നതെന്നാണ് ബിബിഎംപിയുടെ വിശദീകരണം. മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി 23 കോടി രൂപ ചെലവഴിച്ച് സിലിക്കൺ സിറ്റിയിലെ മൈസൂരു റോഡും ബെല്ലാരി റോഡും ഉൾപ്പെടെ 14 കിലോമീറ്റർ റോഡ് നവീകരിച്ചുവെന്ന് അടുത്തിടെ ബിബിഎംപി അവകാശപ്പെട്ടിരുന്നു. മോദി സഞ്ചരിച്ച കെങ്കേരി മുതൽ കൊമ്മഗട്ട വരെയുള്ള 7 കിലോമീറ്റർ റോഡ് 6 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചതെന്ന് ബിബിഎംപി പറയുന്നു.