ന്യൂഡൽഹി: ജൂൺ 15ന് ഹാജരാകാൻ കഴിയില്ലെന്നും ഒരാഴ്ചത്തേക്ക് കൂടി കേസ് പരിഗണിക്കുന്നത് നീട്ടി വയ്ക്കണമെന്നും സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് ബലാത്സംഗക്കേസിൽ പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ആസാറാം ബാപ്പുവിന്‍റെ അഭിഭാഷകൻ.
ഹരിദ്വാറിൽ ആയുർവേദ ചികിത്സയ്ക്കായി ജാമ്യം നൽകണമെന്നുകാട്ടി ആസാറാം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ചികിത്സയുടെ പേരിൽ സ്ഥലം മാറ്റമാണ് ആസാറാം ബാപ്പു ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ് രാജസ്ഥാൻ സർക്കാർ ജാമ്യാപേക്ഷയെ എതിർക്കുകയും ആവശ്യം രാജസ്ഥാൻ ഹൈക്കോടതി തള്ളുകയും ചെയ്തതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പീഡനത്തിനിരയായവരുടെ പിതാവ് ആസാറാം ബാപ്പുവിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ആസാറാം വളരെയധികം രാഷ്ട്രീയ സ്വാധീനമുള്ളവനും രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് അനുയായികൾ ഉള്ളവനുമാണെന്നും പുറത്തിറങ്ങിയാൽ തന്‍റെ മക്കളെയും കുടുംബത്തേയും കൊല്ലുമെന്നും ചൂണ്ടിക്കാട്ടിയാണ് പിതാവ് സുപ്രീം കോടതിയെ സമീപിച്ചത്.
Also Read: മുൻകൂർ ജാമ്യം തേടി ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
ആസാറാമിന് കാർത്തിക് ഹൽദാർ എന്ന വാടക കൊലയാളി ഉണ്ടെന്നും ആസാറാമിനെതിരായ കേസുകളിലെ സാക്ഷികളെ അക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ഇയാൾ പൊലീസിന് മുൻപാകെ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും പിതാവ് പറയുന്നു. വിചാരണ വേളയിൽ തനിക്കും കുടുംബത്തിനും നേരെ നിരവധി ഭീഷണികൾ ഉണ്ടായിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.
ഗുജറാത്തിലെ ഗാന്ധിനഗറിലെ സെഷൻസ് കോടതിയിലും ജോധ്പൂരിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് മുമ്പാകെയുമുള്ള ബലാത്സംഗ കുറ്റങ്ങൾക്ക് വിചാരണ നേരിടുകയാണ് ആസാറാം.
കൗമാരക്കാരിയായ പെൺകുട്ടിയെ 2013ൽ ആശ്രമത്തിൽ വച്ച് ബലാത്സംഗം ചെയ്ത കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജോധ്പൂർ കോടതി 2018 ഏപ്രിൽ 25ന് അസറാമിന് ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ഇയാളുടെ കൂട്ടാളികളായ ശരദ്, ശിൽപി എന്നിവരെ 20 വർഷം തടവിനും ശിക്ഷിച്ചു. 2002 ലെ ബലാത്സംഗക്കേസിൽ 20 വർഷം തടവും ആസാറാം നേരിടുന്നുണ്ട്. ഗുജറാത്തിലെ സൂറത്തിൽ ഒരു ബലാത്സംഗ കേസിലും ആസാറാം പ്രതിയാണ്.