ഡെറാഡൂണ്‍: കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ആടിയുലയുകയാണ് രാജ്യത്തെ ആരോഗ്യ സംവിധാനം. പ്രധാന നഗരങ്ങളിലെ ആശുപത്രികളിലുള്‍പ്പെടെ ഓക്സിജന്‍ സൗകര്യമുള്ള കിടക്കകള്‍ക്കും ഐസിയു കിടക്കകള്‍ക്കും വെന്‍റിലേറ്ററുകള്‍ക്കും മെഡിക്കല്‍ ഓക്സിജനും ക്ഷാമം നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ആശുപത്രികളില്‍ വെന്‍റിലേറ്റര്‍ സൗകര്യമുള്ള ഐസിയു കിടക്കകള്‍ വാഗ്ദാനം ചെയ്ത് രോഗികളില്‍ നിന്ന് പണം തട്ടുന്നത്. ഡെറാഡൂണിലെ നിരവധി ആശുപത്രികളില്‍ ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആശുപത്രികളില്‍ ഐസിയു കിടക്കകള്‍ ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞ് രോഗികളില്‍ നിന്ന് പണം തട്ടിയെടുക്കും. രോഗികള്‍ ആശുപത്രികളില്‍ എത്തുമ്പോഴാണ് അവരുടെ പേരില്‍ കിടക്കകള്‍ ബുക്ക് ചെയ്തിട്ടില്ലെന്നും തട്ടിപ്പിനിരയായതാണെന്നും തിരിച്ചറിയുന്നത്. നേരത്തെയുള്ള രോഗികളെ ഒഴിപ്പിച്ച് കൂടുതല്‍ പണം നല്‍കുന്നവര്‍ക്ക് കിടക്ക നല്‍കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Read more: ഉത്തരാഖണ്ഡിൽ 18 മുതൽ 44 വയസ് വരെയുള്ളവർക്ക് വാക്സിനേഷൻ മെയ് 10 മുതൽ
അതേ സമയം, ഇത്തരം കേസുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും പരാതികള്‍ ലഭിച്ചാല്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്നും ഡെറാഡൂണ്‍ ഡിജിപി അശോക് കുമാര്‍ പറഞ്ഞു. ആശുപത്രികളിലെ ഇത്തരം കരിഞ്ചന്തകള്‍ തടയാന്‍ പൊലീസ് ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരാതി നല്‍കിയവരുടെ വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ വിവിധ പ്രദേശങ്ങളിലെ നോഡല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് അശീഷ് ശ്രീവസ്താവും വ്യക്തമാക്കി.
Read more: ഓക്സിജന്‍ വിതരണം : 12 അംഗ കര്‍മസമിതിയെ നിയോഗിച്ച് സുപ്രീംകോടതി