ശ്രീനഗര്‍ : ലഡാക്കില്‍ സൈനിക വാഹനം (Army Vehicle) മലയിടുക്കില്‍ വീണ് ഒമ്പത് സൈനികര്‍ കൊല്ലപ്പെട്ടു. തെക്കൻ ലഡാക്കിലെ ലേ ജില്ലയിലെ (Leh District) ന്യോമയിലുള്ള കേറെയില്‍ ശനിയാഴ്‌ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
അഞ്ച് ട്രക്കുകളില്‍ 10 സൈനികരുണ്ടായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടത്. ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറും എട്ട് ജവാന്മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അതേസമയം പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം (Rescue Operations) പുരോഗമിക്കുകയാണ്.
സൈനിക വാഹനത്തില്‍ പൊട്ടിത്തെറി : അടുത്തിടെ പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ സൈനിക വാഹനത്തിലുണ്ടായ പൊട്ടിത്തെറിയില്‍ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഒരു സൈനികനും ഗ്യാരേജ് തൊഴിലാളികളായ ബിശ്വാസ്, സഞ്ജയ് സർക്കാർ, ചിറ്റ സർക്കാർ എന്നിവര്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സിലിഗുരിയിലെ പഞ്ചാബി പാറയില്‍ വാഹനത്തിലെ ഏസി മെഷീനില്‍ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാരേജിലെ തൊഴിലാളികളായ മൂവരും സൈനിക വാഹനത്തിന്‍റെ എസി മെഷീനിൽ ഗ്യാസ് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥരും അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് മേയര്‍ മാണിക് ഡേ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
അതേസമയം വാഹനങ്ങളിലെ ഏസി മെഷീനുകളില്‍, ഇവിടങ്ങളില്‍ അനധികൃതമായി ഗ്യാസ് നിറയ്‌ക്കുന്നതായി വിവരം ലഭിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്ന് നിരവധി തവണ തൊഴിലാളികളെ ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിലക്കിയിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു. അപകടത്തില്‍ പനിടാങ്കി ഔട്ട്‌പോസ്റ്റ് പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്‌തിരുന്നു.
പൂഞ്ചിലെ ഭീകരാക്രമണം: ഇക്കഴിഞ്ഞ ഏപ്രിലില്‍ ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതായി സൈന്യം പ്രസ്‌താവനയിൽ അറിയിച്ചിരുന്നു. സൈനികർ ട്രക്കിൽ സഞ്ചരിക്കുമ്പോൾ പൂഞ്ച് ജില്ലയിലെ ഭീംബർ ഗലി മേഖലയിൽ വച്ച് തീവ്രവാദികൾ വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു. എന്നാല്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്കിന് തീപിടിച്ചതിനെ തുടര്‍ന്ന് അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരങ്ങള്‍.
സംഭവദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെ രജൗരി സെക്‌ടറിലെ ഭീംബർ ഗലിക്കും പൂഞ്ചിനും ഇടയിലൂടെ നീങ്ങുകയായിരുന്ന സൈനിക വാഹനത്തിന് നേരെ അജ്ഞാത ഭീകരരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്തെ കനത്ത മഴയും ദൂരക്കാഴ്ചയിലുള്ള തടസവും മുതലെടുത്തായിരുന്നു ഭീകരരുടെ ആക്രമണം. ഭീകരരുടെ ഗ്രനേഡ് ഉപയോഗിച്ചുള്ള ഈ ആക്രമണത്തില്‍ വാഹനത്തിന് തീപിടിക്കുകയായിരുന്നുവെന്ന് സേനയുടെ വടക്കന്‍ കമാന്‍ഡ് പ്രസ്‌താവനയിലാണ് അറിയിച്ചത്.
തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിരുന്ന രാഷ്‌ട്രീയ റൈഫിൾസ് യൂണിറ്റിലെ അഞ്ച് ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ നിർഭാഗ്യവശാൽ ജീവൻ നഷ്‌ടപ്പെട്ടുവെന്നും ഗുരുതരമായി പരിക്കേറ്റ മറ്റൊരു സൈനികനെ ഉടൻ തന്നെ രജൗരിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണെന്നും വടക്കന്‍ കമാന്‍ഡ് വ്യക്തമാക്കി. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.