മുംബൈ (മഹാരാഷ്‌ട്ര): കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖിന്‍റെ ജാമ്യപേക്ഷയെ എതിര്‍ത്ത് ഇഡി. കേസിലെ മുഖ്യസൂത്രധാരനാണ് ദേശ്‌മുഖെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ബോംബെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അനില്‍ ദേശ്‌മുഖിന് ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കുമെന്നും അന്വേഷണ ഏജൻസി ആരോപിച്ചു.
അന്വേഷണത്തിൽ ഇതുവരെ സഹകരിച്ചിട്ടില്ല. ചോദ്യം ചെയ്യലിൽ പലതും വെളിപ്പെടുത്തിയിട്ടില്ല. സുപ്രധാനമായ പല കാര്യങ്ങളും മറച്ചുവയ്ക്കുകയാണ് - ഇഡി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നവംബർ 2നാണ് അനിൽ ദേശ്‌മുഖിനെ ഇഡി അറസ്റ്റ് ചെയ്‌തത്. ഇപ്പോള്‍ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മാർച്ച് 14 ന് പ്രത്യേക പിഎംഎൽഎ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്, ഇനിയും ചിലരെ വിസ്‌തരിക്കാനുണ്ടെന്നും അന്വേഷണ ഏജൻസി പറഞ്ഞു. അഴിമതി കേസുമായി ബന്ധപ്പെട്ട് ഏപ്രിൽ 11 വരെ സിബിഐ കസ്റ്റഡിയിലുരുന്ന സച്ചിൻ വാസെ, സഞ്ജീവ് പലാണ്ഡെ, കുന്ദൻ ഷിൻഡെ തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ അനിൽ ദേശ്‌മുഖ് സസ്പെൻഡ് ചെയ്‌തിരുന്നു.
100 കോടി രൂപ തട്ടിയെടുത്ത് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നവംബറിലാണ് മുൻ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്‌തത്. പ്രതിമാസം 100 കോടി രൂപ മുംബൈയിലെ ഹോട്ടലുകളിൽ നിന്നും ബാറുകളിൽ നിന്നും പിരിച്ചെടുക്കാൻ അനിൽ ദേശ്‌മുഖ് പിരിച്ചുവിട്ട അസിസ്റ്റന്‍റ് ഇൻസ്പെക്‌ടറായ സച്ചിൻ വാസെയോട് ആവശ്യപ്പെട്ടതായി മുൻ മുംബൈ പോലീസ് കമ്മീഷണർ പരം ബീർ സിംഗ് ആരോപിച്ചിരുന്നു. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ നൽകിയ അഴിമതികേസിന്‍റെ അടിസ്ഥാനത്തിലാണ് ദേശ്‌മുഖിനും മറ്റുള്ളവർക്കുമെതിരെ ഇഡി കേസെടുത്തത്.
കൂടാതെ, മുംബൈയിലെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിന് സമീപം പാർക്ക് ചെയ്‌തിരുന്ന കാറിൽ നിന്ന് സ്‌ഫോടകവസ്‌തുക്കൾ കണ്ടെടുത്തതുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ട് പിരിച്ചുവിട്ട മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 2021 മാർച്ചിൽ അറസ്റ്റ് ചെയ്‌തിരുന്നു.
Also read: കള്ളപ്പണക്കേസ്; മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ സിബിഐ ചോദ്യം ചെയ്യുന്നു