മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ അസി. പൊലീസ് ഇന്‍സ്‌പെക്ടര്‍ സച്ചിൻ വാസെയുടെ വനിത കൂട്ടാളിയുടെ പേരിൽ രജിസ്റ്റർ ചെയ്ത ആഡംബര മോട്ടോര്‍ ബൈക്ക് എൻഐഎ പിടിച്ചെടുത്തു.
ദേശീയ അന്വേഷണ ഏജന്‍സിയുടെ തെക്കൻ മുംബൈയിലെ ഓഫീസിലേക്ക്, പിടിച്ചെടുത്ത മോട്ടോര്‍ ബൈക്ക് തിങ്കളാഴ്ച എത്തിച്ചു. നിലവില്‍ സസ്പെന്‍ഷനിലായ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ വാസെയുടെ കൂട്ടാളിയായ യുവതിയെ എൻഐഎ വെള്ളിയാഴ്ച ചോദ്യം ചെയ്തു. യുവതിയുടെ കൈവശമുള്ള മീര റോഡ് പ്രദേശത്തെ ഫ്ളാറ്റിൽ അന്വേഷണ ഏജൻസി വ്യാഴാഴ്ച തിരച്ചിൽ നടത്തിയിരുന്നു.
ഫെബ്രുവരി 25-നാണ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കാറിന്‍റെ ഉടമസ്ഥന്‍ മൻസുഖ് ഹിരണെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. താനെ സ്വദേശിയായ മൻസുക് ഹിരണിന്‍റെ മൃതദേഹം താനെയ്ക്കടുത്ത് കൽവ കടലിടുക്കിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. ഇതോടെയാണ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തത്. വാസെ ഉപയോഗിച്ച എട്ട് ആഡംബര വാഹനങ്ങൾ എൻഐഎ നേരത്തെ പിടിച്ചെടുത്തിരുന്നു.