ഹൈദരാബാദ്: ധനകാര്യ കമ്മീഷന്‍ എന്നത് ഭരണഘടനാപരമായ അധികാരങ്ങളോടു കൂടിയ സ്ഥാപനമാണ്. ഭരണഘടനയുടെ 280-ാം അനുഛേദം അനുസരിച്ചാണ് ധനകാര്യ കമ്മീഷന്‍ (Finance commission) രൂപീകരിക്കുന്നത്. നികുതി വരുമാനം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ പങ്കുവയ്‌ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംവിധാനമാണ് ധനകാര്യകമ്മീഷന്‍. 2026 - 2027 മുതല്‍ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള നികുതി വരുമാനത്തിന്‍റെ വീതം വെപ്പ് എങ്ങനെയാകണമെന്ന് ശുപാര്‍ശ സമര്‍പ്പിക്കുക പതിനാറാം ധനകാര്യകമ്മീഷനാവും.
ഭരണഘടന പ്രകാരം നികുതി വരുമാനം വീതം വെക്കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയാണ് ധനകാര്യകമ്മീഷന്‍റെ ചുമതല. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും സംസ്ഥാനങ്ങള്‍ തമ്മില്‍ത്തമ്മിലുമുള്ള നികുതി വരുമാനത്തിന്‍റെ പങ്കു വെപ്പ് എങ്ങനെയാവണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിക്കും. ഇതിനു പുറമേ സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള വിവിധ കേന്ദ്ര ഗ്രാന്‍റുകളുടെ കാര്യത്തിലും ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ നല്‍കും. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഫെഡറലിസവുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയങ്ങളിലും കമ്മീഷന് ഉപദേശ അധികാരമുണ്ട്.
പൊതുജന സേവനത്തിന് തുല്യമായ വിഭവങ്ങള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉറപ്പു വരുത്തുക വഴി രാജ്യത്ത് തുല്യത ഉറപ്പാക്കുകയാണ് ധനകാര്യകമ്മീഷന്‍റെ ലക്ഷ്യം. മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ഒരു പോലെ പൊതു സേവനങ്ങള്‍ക്കുള്ള പ്രതിശീര്‍ഷ ലഭ്യതയാണ് കമ്മീഷന്‍റെ വിഷയം. നികുതി ചുമത്തല്‍ ശേഷിയും സാമൂഹ്യ സാമ്പത്തിക സേവനങ്ങള്‍ക്കു മേലുള്ള ആളോഹരി വിനിയോഗവും വേര്‍തിരിച്ചു കൊണ്ടാണ് തുല്യമായ വിഭവ വിതരണം കമ്മീഷന്‍ ഉറപ്പാക്കുക.
ധനകാര്യ കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങള്‍ എന്തൊക്കെയാണെന്ന് രാഷ്ട്രപതിയുടെ ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. ഈ പരിഗണനാ വിഷയങ്ങള്‍ക്കു പുറമേ ചിലപ്പോഴൊക്കെ കമ്മീഷനോട് പ്രത്യേക വിഷയങ്ങളിലും ശുപാര്‍ശ ആരായാറുണ്ട്. ഉദാഹരണത്തിന് പതിമൂന്നാം ധനകാര്യ കമ്മീഷനോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധന സ്ഥിതിയെപ്പറ്റിയും 2005 - 2010 കാലത്ത് സംസ്ഥാനങ്ങളുടെ വായ്‌പാ ഏകീകരണവും പരിഹാരവും സംബന്ധിച്ച സംവിധാനത്തെക്കുറിച്ചും (DCRF) പഠിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 2010- 15 കാലത്തേക്ക് കൈക്കൊള്ളേണ്ട ധനപരമായ ക്രമീകരണങ്ങളെപ്പറ്റി പ്രത്യേക റിപ്പോര്‍ട്ടും അന്ന് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങള്‍ ഏറെ വിവാദം സൃഷ്‌ടിച്ചതായിരുന്നു. ജനസംഖ്യ സംബന്ധിച്ച സ്ഥിതി വിവരങ്ങള്‍ക്ക് 1971ലെ കണക്കുകള്‍ക്ക് പകരം 2011ലെ കണക്കുകള്‍ ആധാരമാക്കണമെന്നതായിരുന്നു ഒന്ന്. വരുമാനക്കമ്മി നികത്താന്‍ ധനസഹായം അനുവദിക്കാമോ എന്നത് മറ്റൊരു വിഷയമായിരുന്നു. വിവാദമായ മറ്റൊരു വിഷയം ആഭ്യന്തര സുരക്ഷ, പ്രതിരോധം എന്നിവയ്ക്ക് ലാപ്‌സാകാത്ത പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താമോ എന്നതായിരുന്നു.
1969 ലെ അഡ്‌മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷന്‍ ആസൂത്രണ കമ്മീഷന്‍റേയും ധനകാര്യകമ്മീഷന്‍റേയും പ്രവര്‍ത്തനത്തിലെ ഓവര്‍ലാപ്പിങ്ങിനെക്കുറിച്ച് ചൂണ്ടിക്കാണിച്ചിരുന്നു. പദ്ധതി പദ്ധതിയേതര ഗ്രാന്‍ഡുകള്‍ നല്‍കുന്നതില്‍ മാത്രം ആസൂത്രണ കമ്മീഷന്‍ ശ്രദ്ധിക്കണമെന്നും ധനകാര്യ കമ്മീഷന്‍ കേന്ദ്ര നികുതിയുടെ വീതം വെപ്പിനെക്കുറിച്ച് ശ്രദ്ധിക്കണമെന്നും അന്ന് അഡ്‌മിനിസ്ട്രേറ്റീവ് റിഫോംസ് കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തിരുന്നു. ഇരു സംവിധാനങ്ങളുടേയും ഫലപ്രദവും സുഗമവുമായ നടത്തിപ്പിന് ആസൂത്രണ കമ്മീഷനില്‍ നിന്നുള്ള ഒരംഗത്തെ ധനകാര്യ കമ്മീഷനില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതു പ്രകാരം ആറാം ധനകാര്യ കമ്മീഷന്‍ തൊട്ട് ആസൂത്രണ കമ്മീഷനില്‍ നിന്നുള്ള ഒരംഗത്തെ ധനകാര്യകമ്മീഷനില്‍ ഉള്‍പ്പെടുത്തിയിരുന്നു.
സര്‍ക്കാരുകള്‍ തമ്മിലുള്ള ധനപരമായ കൈമാറ്റങ്ങളുടെ സ്വഭാവത്തില്‍ അടുത്ത കാലത്തായി വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേരത്തേയൊക്കെ സംസ്ഥാനങ്ങള്‍ക്കുള്ള ഫണ്ട് നല്‍കിക്കൊണ്ടിരുന്നത് രണ്ട് പ്രധാന മാര്‍ഗ്ഗങ്ങളിലൂടെയായിരുന്നു. ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള ഫണ്ടുകളും മന്ത്രാലയങ്ങള്‍ നേരിട്ട് നല്‍കിയിരുന്ന ഫണ്ടുകളും. സംസ്ഥാന പദ്ധതികള്‍ക്കുള്ള ഫണ്ട് കൈമാറ്റം മുഖ്യമായും നടന്നു കൊണ്ടിരുന്നത് ആസൂത്രണ കമ്മീഷന്‍ വഴിയായിരുന്നു. 2015-16 തൊട്ട് ആസൂത്രണ കമ്മീഷന്‍ ഇല്ലാതായതോടെ അതെല്ലാം ഫിനാന്‍സ് കമ്മീഷന്‍റെ മാത്രം മേല്‍നോട്ടത്തിലായി. കേന്ദ്ര മേഖലയിലും കേന്ദ്ര ആവിഷ്‌കൃത പദ്ധതിയിലുമായുള്ള വിഹിതം ധനകാര്യകമ്മീഷന്‍റേതിന് പുറമെ നല്‍കിപ്പോരുന്നു.
നികുതി വരുമാനത്തിന്‍റെ വീതം വെപ്പില്‍ കേന്ദ്രവും സംസ്ഥാനങ്ങളുമായി കാലങ്ങളായിത്തന്നെ ഇന്ത്യയില്‍ വലിയ അസമത്വം നിലനില്‍ക്കുന്നുണ്ട്. വരവ് ചെലവ് ഉത്തരവാദിത്വങ്ങള്‍ സംബന്ധിച്ച ഭരണഘടനാപരമായ വിഭജനത്തിലെ ചില പ്രശ്‌നങ്ങള്‍ ഇതിനു പിന്നിലുണ്ട്. എല്ലാ നികുതികളേയും സംസ്ഥാനങ്ങളും കേന്ദ്രങ്ങളും തമ്മില്‍ വീതം വെക്കാനുള്ള ഡിവിസിബിള്‍ പൂളിലേക്ക് കൊണ്ടു വന്ന് പതിനൊന്നാം ധനകാര്യ കമ്മീഷന്‍ ഈ അസമത്വം പരിഹരിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അടുത്ത കാലത്തായി സെസ്സിന്‍റെ പേരിലുള്ള ഇങ്ങനെ വീതം വെക്കേണ്ടതില്ലാത്ത കേന്ദ്ര നികുതി വിഹിതം വലിയ തോതില്‍ ഉയരുന്നത് നാം കണ്ടു.
വീതം വെക്കുന്ന നികുതി വരുമാനത്തിന്‍റെ 10 ശതമാനം വരും കേന്ദ്രത്തിന് ലഭിക്കുന്ന ഈ സെസ് വരുമാനം എന്ന് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ തിട്ടപ്പെടുത്തുന്നു. സെസ്സുകളും സര്‍ച്ചാര്‍ജുകളുമായി ഇത്തരത്തില്‍ വലിയൊരു തുക സംസ്ഥാനങ്ങള്‍ക്ക് നഷ്‌ടമാകുന്നു. ഇത് സാമ്പത്തിക ഫെഡറലിസത്തിന്‍റെ അന്തസത്തയ്ക്ക് വിരുദ്ധമാണ്. കേന്ദ്ര പൂളില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട നികുതി വരുമാനം 11, 12, 13, 14 ധനകാര്യ കമ്മീഷനുകള്‍ പടി പടിയായി ഉയര്‍ത്തിക്കൊണ്ടു വരികയായിരുന്നു. പതിനൊന്നാം ധനകാര്യ കമ്മീഷന്‍റെ കാലത്ത് 29.3 ശതമാനം സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കിയത് പന്ത്രണ്ടാം കമ്മീഷന്‍ 30.5 ശതമാനവും, പതിമൂന്നാം കമ്മീഷന്‍ 32 ശതമാനവും, പതിനാലാം ധനകാര്യ കമ്മീഷന്‍ 42 ശതമാനവും ആക്കി വര്‍ധിപ്പിച്ചു.
ആസൂത്രണ കമ്മീഷന്‍ നിര്‍ത്തലാക്കിയതിലൂടെയും സെന്‍ട്രല്‍ സ്‌കീമുകളുടേയും സെന്‍ട്രലി സ്പോണ്‍സേര്‍ഡ് സ്‌കീമുകളുടേയും പുനക്രമീകരണത്തിലൂടെയും സംഭവിച്ച നഷ്‌ടം നികത്തുന്ന തരത്തില്‍ കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വന്‍ തോതില്‍ത്തന്നെ ഉയര്‍ത്തിയിരുന്നു പതിനാലാം ധനകാര്യ കമ്മീഷന്‍. ജമ്മു കശ്മീര്‍ കേന്ദ്ര ഭരണ പ്രദേശമായതോടെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയെന്ന കാര്യം ചൂണ്ടിക്കാട്ടി പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ വീതം വെക്കപ്പെടേണ്ട നികുതി വരുമാനം 41 ശതമാനമായി പുനര്‍ നിശ്ചയിച്ചു. ജി എസ് ടി കോമ്പെന്‍സേഷന്‍ സെസ്, സംസ്ഥാനങ്ങള്‍ക്ക് സെസ്സുകളിലൂടെയുണ്ടായ വരുമാനച്ചോര്‍ച്ച എന്നിവ പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വരുമാന വിഹിതം കൂട്ടുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്തിന്‍റെ വരുമാനവും ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ച സംസ്ഥാനത്തിന്‍റെ വരുമാനവും തമ്മിലുളള അന്തരം തിട്ടപ്പെടുത്തിയുള്ള ഇന്‍കം ഡിസ്റ്റന്‍സിനാണ് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം നിശ്ചയിക്കുമ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഇതിന് 45 ശതമാനം വെയ്റ്റേജ് ആണ് നല്‍കിയത്. പതിനാലാം ധനകാര്യ കമ്മീഷന്‍ ഇതിന് 50 ശതമാനം വെയ്റ്റേജ് നല്‍കിയിരുന്നു. 2011 സെന്‍സസ് അടിസ്ഥാനമാക്കിയുള്ള ജനസംഖ്യ പരിഗണനാ വിഷയങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഇതിന് 15 ശതമാനം വെയ്റ്റേജ് നല്‍കി. അതിനുമുമ്പ് 1971 ലെ സെന്‍സസ് ആയിരുന്നു ജനസംഖ്യ കണക്കാക്കാന്‍ അടിസ്ഥാനമാക്കിയത്. വിസ്തൃതിക്ക് 15 ശതമാനം വെയ്റ്റേജ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ നല്‍കി. ജനസംഖ്യാ വിതരണം അഥവാ ഡെമോഗ്രാഫിക്ക് ഇതാദ്യമായി കഴിഞ്ഞ തവണ ധനകാര്യ കമ്മീഷന്‍ 12.5 ശതമാനം വെയ്റ്റേജ് അനുവദിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അച്ചടക്കത്തിനും ധനകാര്യ മാനേജ്മെന്‍റിനും നേരത്തേ 17. 5 ശതമാനം വരെ വെയ്റ്റേജ് നല്‍കിയിരുന്നത് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഒഴിവാക്കി.
തങ്ങള്‍ക്ക് പ്രതികൂലമായി വരുന്ന ഘടകങ്ങള്‍ പരിഗണിക്കുന്നതിനെതിരെ സംസ്ഥാനങ്ങള്‍ വിമര്‍ശനം ഉന്നയിക്കുക പതിവാണ്. ഉദാഹരണത്തിന് ഇന്‍കം ഡിസ്റ്റന്‍സ് മുഖ്യ അളവുകോലാക്കരുതെന്ന് നല്ല വരുമാനം കിട്ടുന്ന സംസ്ഥാനങ്ങള്‍ വാദിക്കുന്നു. ജനസംഖ്യ കണക്കാക്കുന്നതിന് 2011 സെന്‍സസ് അടിസ്ഥാനമാക്കുന്നതിനെതിരെ വലിയ കോലാഹലങ്ങള്‍ ഉയര്‍ന്നതാണ്.
ധനകാര്യ കമ്മീഷനുകള്‍ സ്പെഷ്യല്‍ പര്‍പ്പസ് ഗ്രാന്‍ഡുകള്‍ അനുവദിക്കുന്ന പതിവുണ്ട്. വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളില്‍ തുല്യ അവസരം ഒരുക്കുന്നതിനാണ് പൊതുവേ ഇങ്ങനെ ഗ്രാന്‍ഡുകള്‍ അനുവദിക്കാറുള്ളത്. പതിനാലാം ധനകാര്യ കമ്മീഷന്‍ പക്ഷേ ഇത്തരം സ്പെഷ്യല്‍ ഗ്രാന്‍ഡുകള്‍ നല്‍കിയില്ല. പതിനഞ്ചാം ധനകാര്യ കമ്മീഷനാകട്ടെ സ്പെഷ്യല്‍ ഗ്രാന്‍ഡുകള്‍ പുനസ്ഥാപിച്ചു. പതിനാറാം ധനകാര്യ കമ്മീഷനില്‍ നിന്നും ഇത്തരം ഗ്രാന്‍ഡുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.
നികുതി വരവും വരുമാനവും വര്‍ധിപ്പിച്ചിട്ടും വരുമാനക്കമ്മി നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നേരിടുന്നതിന് നല്‍കി വരുന്നതാണ് വരുമാനക്കമ്മി നികത്താനുള്ള ഗ്രാന്‍ഡ്. വരുമാനാന്തരം തിട്ടപ്പെടുത്തിയ ശേഷം പതിനാലാം ധനകാര്യകമ്മീഷന്‍ 19,4821 കോടി രൂപ റെവന്യൂ കമ്മിനികത്താനുള്ള ഗ്രാന്‍ഡായി 11 സംസ്ഥാനങ്ങല്‍ക്ക് അനുവദിച്ചിരുന്നു. ആന്ധ്ര പ്രദേശിന് ഈ ഗ്രാന്‍ഡ് ലഭിച്ചപ്പോള്‍ റെവന്യൂ കമ്മി ഇല്ലാത്ത തെലങ്കാനക്ക് ലഭിച്ചില്ല. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ 17 സംസ്ഥാനങ്ങള്‍ക്ക് 29,4514 കോടി രൂപ ഇത്തരത്തില്‍ അനുവദിച്ചു.
കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയിലുണ്ടായ ഇടിവ് കണക്കിലെടുത്ത് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്ക് വായ്‌പയെടുക്കാനുള്ള പരിധി ഇളവ് ചെയ്‌തിരുന്നു. 2021-22 ല്‍ പരമാവധി വായ്പാ പരിധി സംസ്ഥാനത്തിന്‍റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ 4 ശതമാനം എന്നായിരുന്നു നിശ്ചയിച്ചത്. 22-23 ല്‍ ഇത് 3.5 ശതമാനവും 23-24 മുതല്‍ 2024- 25 വരെ അത് 3 ശതമാനവും ആയി നിജപ്പെടുത്തിയിരുന്നു. ഊര്‍ജ മേഖലയിലെ പരിഷ്‌കരണത്തിന് .5 ശതമാനത്തിന്‍റെ അധിക വായ്‌പ ആകാമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ പതിനാറാം ധനകാര്യ കമ്മീഷന്‍ എടുക്കുന്ന തീരുമാനവും പ്രധാനമാണ്.
മറ്റു പ്രധാന വെല്ലുവിളികള്‍ : പതിനാറാം ധനകാര്യകമ്മീഷന്‍ ഒരു ലോണ്‍കൗണ്‍സിലിനെക്കുറിച്ച് ചിന്തിക്കണമെന്ന് ഡോ സി രംഗരാജനും ഡി.കെ ശ്രീവാസ്തവയും അഭിപ്രായപ്പെടുന്നു. കേന്ദ്രത്തിന്‍റേയും സംസ്ഥാനങ്ങളുടേയും വായ്പാ കാര്യങ്ങള്‍ നോക്കി നടത്താന്‍ ഇത്തരമൊരു സംവിധാനം പന്ത്രണ്ടാം ധനകാര്യ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.
വായ്‌പാ പലിശ തിരിച്ചടവ്, ശമ്പളം , പെന്‍ഷന്‍, സബ്‌സിഡികള്‍ എന്നിവക്കായാണ് സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വലിയ പങ്കും ചെലവഴിക്കപ്പെടുന്നതെന്ന് എല്ലാ ധനകാര്യ കമ്മീഷനുകളും കണ്ടെത്തിയിട്ടുണ്ട്. സബ്‌സിഡികള്‍ യുക്തി സഹമാകണമെന്നും യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ട് സംസ്ഥാനങ്ങള്‍ ധനക്കമ്മി അനുവദനീയ പരിധിക്കകത്ത് നിര്‍ത്തണമെന്നും പതിനാറാം ധനകാര്യ കമ്മീഷന്‍ ശക്തമായി നിഷ്‌കര്‍ഷിച്ചേക്കും.
13, 15 ധനകാര്യ കമ്മീഷനുകള്‍ ശുപാര്‍ശ ചെയ്‌ത പ്രകാരമുള്ള ഒരു ഫിസ്കല്‍ കൗണ്‍സിലിന്‍റെ സാധ്യത പതിനാറാം ധനകാര്യ കമ്മീഷന്‍ പരിശോധിച്ചേക്കും. അമേരിക്കയിലെ കോണ്‍ഗ്രഷണല്‍ ബജറ്റ് ഓഫീസ് പോലെ, ഓസ്ട്രേലിയയിലേയും കാനഡയിലേയും പാര്‍ലമെന്‍ററി ബജറ്റ് ഓഫീസ് പോലെ, ബ്രിട്ടനിലെ ഓഫീസ് ഓഫ് ബജറ്റ് റെസ്പോണ്‍സിബിലിറ്റി പോലെ ഒരു സംവിധാനം പരിഗണിച്ചേക്കും. ഓഫ് ബജറ്റ് ബോറോയിങ്ങ് അഥവാ ബജറ്റിനു പുറത്തുള്ള വായ്‌പകള്‍ക്ക് മേല്‍ പതിനാറാം ധനകാര്യ കമ്മീഷന്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരാനും സാധ്യതയുണ്ട്.