ന്യൂഡൽഹി: എയർ ഇന്ത്യയിൽ അനിശ്ചിതവും ഏകപക്ഷീയവുമായ വേതനം വെട്ടിച്ചുരുക്കൽ നടപടിയിൽ അടിയന്തര യോഗം ആവശ്യപ്പെട്ട് എയർ ഇന്ത്യ പൈലറ്റ് അസോസിയേഷനുകൾ. ഇന്ത്യൻ കൊമേഴ്‌സ്യൽ പൈലറ്റ്സ് അസോസിയേഷനും ഇന്ത്യൻ പൈലറ്റ്സ് ഗിൽഡുമാണ് അടിയന്തര കൂടിക്കാഴ്‌ച ആവശ്യപ്പെട്ട് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരിക്ക് കത്തെഴുതിയത്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, അലയൻസ് എയർ പൈലറ്റ്സ് എന്നിവർക്ക് 70% വരെയാണ് വേതനം വെട്ടിക്കുറക്കുന്നത്.
ഇത്തരത്തിലുള്ള ക്രൂരമായ ചെലവുചുരുക്കൽ നടപടികൾ എയർ ഇന്ത്യ പൈലറ്റുമാർക്ക് മാത്രം ബാധകമാകുന്നത് എന്തുകൊണ്ടാണെന്ന് പൈലറ്റ് അസോസിയേഷനുകൾ കത്തിൽ ചോദിക്കുന്നു. വർഷാവസാനത്തോടെ വിമാനയാത്രകൾ കൊവിഡിന് മുമ്പത്തെ സാഹചര്യത്തിലെത്തുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ആശങ്കകളെ ക്രിയാത്മകമായി നോക്കുമെന്ന് പറഞ്ഞിരുന്നുവെന്നും കത്തിൽ അവർ ചൂണ്ടിക്കാട്ടി. എയർ ഇന്ത്യയിലെ വേതനം വെട്ടിച്ചുരുക്കൽ നടപടി പൈലറ്റുമാരോട് ചെയ്യുന്ന അനീതിയാണെന്നും കത്തിൽ പറയുന്നു.