ലഖ്‌നൗ: പ്രായ പൂർത്തിയായ രണ്ട് പേർക്ക് ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാൻ പൂർണ സ്വാതന്ത്ര്യമുണ്ടെന്ന് അലഹബാദ് ഹൈക്കോടതി വിധി. മതം ഇതിന് ഒരു തടസമാകില്ലെന്നും ജസ്റ്റിസ് മനോജ് കുമാർ ഗുപ്‌ത, ദീപക് വർമ എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു. ഷിഫ ഹസനും ഹിന്ദു പങ്കാളിയും ചേർന്ന് സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.
ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും തുടർന്ന് ലിവിങ് ബന്ധത്തിലേക്ക് നീങ്ങിയ ഇരുവർക്കും ജീവന് ഭീഷണി വരാൻ തുടങ്ങിയ സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്നും ഹർജിയിൽ പറയുന്നു. ഇരുവർക്കും സംരക്ഷണം നൽകണമെന്ന് നിർദേശം നൽകിയ കോടതി മാതാപിതാക്കൾക്ക് പോലും ഇവരുടെ ബന്ധത്തെ എതിർക്കാൻ അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു.
യുവതി ഹിന്ദുമതത്തിലേക്ക് മാറാൻ ജില്ല മജിസ്‌ട്രേറ്റ് ഓഫീസിൽ അപേക്ഷ ഫയൽ ചെയ്‌തിരുന്നു. വിഷയത്തിൽ പ്രസ്‌തുത പൊലീസ് സ്റ്റേഷനിൽ നിന്ന് ജില്ല മജിസ്‌ട്രേറ്റ് റിപ്പോർട്ട് ചോദിച്ചിരുന്നു. റിപ്പോർട്ട് പ്രകാരം യുവാവിന്‍റെ പിതാവിന് വിവാഹത്തിന് സമ്മതമല്ലെന്നും അതേസമയം അമ്മ വിവാഹത്തെ അനുകൂലിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. യുവതിയുടെ മാതാപിതാക്കൾ ഈ ബന്ധത്തെ അംഗീകരിക്കാൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഇരുവരും കോടതിയെ സമീപിച്ചത്.
READ MORE: ഭര്‍ത്താവിന് പ്രായപൂര്‍ത്തിയായില്ല; ഭാര്യക്ക് വിട്ടുകൊടുക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി