ഹരിദ്വാര്‍ (ഉത്തരാഖണ്ഡ്): പറന്നെത്തിയ പോളിത്തീന്‍ കവര്‍ ഹെലികോപ്‌റ്ററിന്‍റെ ചിറകില്‍ കുടുങ്ങാതിരുന്നതോടെ ഒഴിവായത് വന്‍ ദുരന്തം. ഉത്തരാഖണ്ഡില്‍ ഉയര പരിധി ലംഘിച്ച് താഴ്‌ന്ന് പറന്ന ഹെലികോപ്‌റ്ററാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഹരിദ്വാറിലെ ഹര്‍ കി പുരിയില്‍ കനവാര്‍ തീര്‍ഥാടന യാത്രയില്‍ പങ്കെടുക്കാനെത്തിയ ഭക്തരുടെ മേല്‍ പുഷ്‌പവൃഷ്‌ടി നടത്തുകയായിരുന്നു ഹെലികോപ്‌റ്റർ.
സംഭവ സമയം ലക്ഷക്കണക്കിന് ഭക്തരാണ് താഴെയുണ്ടായിരുന്നത്. ഹരിദ്വാറിലെ നര്‍സന്‍ മുതല്‍ ഹര്‍ കി പുരി വരെയുള്ള പ്രദേശങ്ങളിലുള്ള ഭക്തരുടെ മേല്‍ പുഷ്‌പവൃഷ്‌ടി നടത്തുന്നതിനിടെ വലിയ ഒരു പോളിത്തീന്‍ കവര്‍ പറന്ന് ഹെലികോപ്റ്ററിന്‍റെ റോട്ടര്‍ ബ്ലേഡിന്‍റെ അടുത്തെത്തുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹെലികോപ്‌റ്റര്‍ നിര്‍ദിഷ്‌ട ഉയരത്തിലും താഴ്‌ന്ന് പറന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
എല്ലാ വര്‍ഷവും ശിവഭക്തർ നടത്തുന്ന യാത്രയാണ് കന്‍വാര്‍ യാത്ര എന്നറിയപ്പെടുന്നത്. ഗംഗ നദിയില്‍ നിന്ന് വെള്ളം ചെറിയ കുടത്തില്‍ ശേഖരിച്ച് അത് ഒരു വടിയുടെ ഇരുവശങ്ങളിലുമായി തൂക്കിയിട്ട് യാത്ര ചെയ്‌ത് ശിവക്ഷേത്രങ്ങളിലെത്തി ശിവലിംഗത്തില്‍ ഒഴിക്കുകയാണ് ചെയ്യുന്നത്. ഡല്‍ഹി, യുപി, ഹരിയാന, രാജസ്ഥാന്‍, ഒഡീഷ, മധ്യപ്രദേശ് തുടങ്ങി സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇതില്‍ പങ്കെടുക്കുന്നത്.