മുംബൈ: കൈക്കൂലി കേസിൽ പൊലീസ് സബ് ഇൻസ്പെക്ടറിനെയും കോൺസ്റ്റബിളിനെയും അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലാണ് സംഭവം. മോഷണക്കേസിലെ പ്രതിയിൽ നിന്ന് അയ്യായിരം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഇരുവർക്കുമെതിരെയുള്ള കേസ്.
മെയ് 12ന് നാഗ്പൂരിലെ പച്ച്ഗാവ് പ്രദേശത്തെ നിർമാണ കമ്പനിയുടെ ടിപ്പർ ട്രക്കിൽ നിന്ന് ഡീസൽ മോഷണം പോയതിനെത്തുടർന്ന് ട്രക്ക് ഡ്രൈവർക്കെതിരെ കമ്പനി മാനേജർ കുഹി പൊലീസിൽ പരാതിപ്പെട്ടു. ഡീസൽ ധാബ ഉടമയ്ക്ക് വിറ്റതായി ട്രക്ക് ഡ്രൈവർ നൽകിയ മൊഴി അനുസരിച്ച് പൊലീസ് ധാബ ഉടമയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
Also Read: യുപിയിലെ ആരോഗ്യ സംവിധാനം ദൈവത്തിന്‍റെ കൈയിലെന്ന് അലഹബാദ് ഹൈക്കോടതി
എന്നാൽ കേസ് അന്വേഷണത്തിനിടെ സബ് ഇൻസ്പെക്ടർ ഭാരത് രമേശ് തിറ്റ് കേസ് തീർപ്പാക്കാൻ ധാബ ഉടമയിൽ നിന്ന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും പരാതിയെത്തുടർന്ന് അഴിമതി വിരുദ്ധ ബ്യൂറോ ഒരുക്കിയ കെണിയിൽ ആദ്യ ഗഡുവായി 5,000 രൂപ സ്വീകരിക്കുന്നതിനിടെ സബ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം രണ്ട് പൊലീസുകാർക്കെതിരെയും കേസെടുത്തു.