നമ്പൂരിപ്പൊട്ടിയില്‍ പുന്നപ്പുഴയോരത്ത് കാട്ടാന ചെരിഞ്ഞ നിലയില്‍ ; ശരീരത്തില്‍ മുറിവുകള്‍ - കാട്ടാന ചെരിഞ്ഞ നിലയില്‍
Published : Feb 16, 2024, 7:28 PM IST
മലപ്പുറം: എടക്കര മൂത്തേടം പഞ്ചായത്തിലെ നമ്പൂരിപ്പൊട്ടിയില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. നമ്പൂരിപ്പൊട്ടിയില്‍ പുന്നപ്പുഴയോരത്ത് വെള്ളിയാഴ്‌ച രാവിലെ എട്ടോടെ നാട്ടുകാരാണ് കാട്ടാനയുടെ ജഡം കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നിലമ്പൂര്‍ റേഞ്ച് വനം ഓഫീസര്‍ കെ സി അന്‍വര്‍, വള്ളുവശേരി വനം സെക്ഷന്‍ ഓഫീസര്‍ വി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ചെരിഞ്ഞ കാട്ടാനയുടെ കാലിലും പിറക് വശത്തുമായി മുറിവുകള്‍ കാണപ്പെടുന്നുണ്ട്. ഇത് എങ്ങനെ സംഭവിച്ചുവെന്നത് വ്യക്തമല്ല. നിലമ്പൂര്‍ വനം വിജിലന്‍സ് എസ്എഫ്ഒ മോഹന കൃഷ്‌ണന്‍ മൂത്തേടം, കെഎസ്ഇബി സെക്ഷന്‍ ഓഫീസ് അധികൃതര്‍ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ഏതാനും നാളുകളായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. അതേസമയം വയനാട് മാനന്തവാടിയില്‍ പാക്കം - കുറുവ ദ്വീപ് റൂട്ടില്‍ വനമേഖലയില്‍ ചെറിയമല കവലയില്‍ വെച്ച് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വനം വകുപ്പ് ജീവനക്കാരന്‍ മരിച്ചു. വന്യമൃഗ ആക്രമണത്തില്‍ ഒരു കൊല്ലത്തിനിടയില്‍ മൂന്നാമത്തെ മരണമാണിത്. തുടര്‍ച്ചയായ വന്യമൃഗ ആക്രമണത്തില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി എല്‍ഡിഎഫും യുഡിഎഫും നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തു.