തൃശൂർ ചേലക്കരയിൽ വീണ്ടും കാട്ടാന ഇറങ്ങി ; 25 ഓളം വാഴകൾ നശിപ്പിച്ചു - Wild Elephant Attack At Chelakkara - WILD ELEPHANT ATTACK AT CHELAKKARA
Published : Mar 26, 2024, 1:38 PM IST
തൃശൂർ : തൃശൂർ ചേലക്കരയിൽ വീണ്ടും കാട്ടാന ഇറങ്ങി. ഇന്ന് (26-03-2024) പുലർച്ചയോടെയാണ് തോന്നൂർക്കര ജലവാസ മേഖലയിൽ കാട്ടാന ഇറങ്ങിയത്. തോന്നൂക്കര മണ്ണാത്തിപ്പാറ പ്രദേശത്തെ പ്ലാകുഴി ഷൈനിൻ്റെ വീടിനോട് ചേർന്നുള്ള പറമ്പിലെ 25 ഓളം വാഴകൾ കാട്ടാനകൾ നശിപ്പിച്ചു. ശബ്‌ദം കേട്ട് തൊട്ടടുത്തുള്ള ആളുകൾ ലൈറ്റിട്ടതോടെയാണ് ആനകൾ ഓടിയത്. സമീപത്തെ പറമ്പുകളുടെ വേലികളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ പ്ലാവിൽ നിന്നും ചക്കയടക്കം കഴിച്ച ശേഷമാണ് കാട്ടാന മടങ്ങിയത്. ഒന്നിൽ കൂടുതൽ ആനകൾ ഉണ്ട് എന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ഒരു പിടിയാനയും രണ്ട് കുട്ടിയാനകളുമുണ്ടായിരുന്നതായി അവർ പറഞ്ഞു. മുൻപും സ്ഥലത്ത് കാട്ടാനകൾ എത്തിയിട്ടുണ്ട് എന്നും, ഇപ്പോൾ വലിയ ഭീതിയിലാണ് തങ്ങളെന്നും പ്രദേശവാസികൾ പറഞ്ഞു. 2022 ജൂൺ 14 നാണ് തോട്ടേക്കോട് പറയൻ ചോലയിൽ ആദ്യമായി കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തുന്നത്. തോട്ടേക്കോട്, മങ്ങാട്, കളപ്പാറപൂളക്കുണ്ട്, വട്ടുള്ളി, തോന്നൂർക്കര എന്നിവിടങ്ങളിലാണ് ആനയിറങ്ങിയിട്ടുള്ളത്. വനപാലകരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടാന നാട്ടിലേക്കിറങ്ങുന്നതിന്‍റെ ആശങ്കയിലാണ് കർഷകരും പ്രദേശവാസികളും.