വാതില്‍ തകര്‍ത്ത് മോഷണം; രണ്ടാം പ്രതിയും അറസ്റ്റില്‍, മൂന്നാമനെ ഉടന്‍ പൂട്ടുമെന്ന് പൊലീസ് - മലപ്പുറം മോഷണം
Published : Feb 14, 2024, 10:23 PM IST
മലപ്പുറം: നിലമ്പൂര്‍ ചന്തക്കുന്നില്‍ വീടിന്‍റെ വാതില്‍ പൊളിച്ച് മോഷണം നടത്തിയ കേസിലെ രണ്ടാം പ്രതി പിടിയില്‍. മേട്ടുപാളയം സ്വദേശി നൊട്ടരാജനാണ് അറസ്റ്റിലായത്. ഇന്നലെയാണ് (ഫെബ്രുവരി 14) മലപ്പുറത്ത് വച്ച് ഇയാള്‍ പിടിയിലായത്. കേസിലെ ഒന്നാം പ്രതിയായ മേട്ടുപാളയം സ്വദേശി കുട്ടി വിജയന്‍ നേരത്തെ അറസ്റ്റിലായിരുന്നു. മൂന്നാം പ്രതി ഒളിവില്‍ തുടരുകയാണ്. 6 പവന്‍ സ്വര്‍ണവും 60,000 രൂപയുമാണ് സംഘം മോഷ്‌ടിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 15നാണ് കേസിനാസ്‌പദമായ സംഭവം. ചന്തകുന്ന് ഫാത്തിമഗിരി റോഡിലെ വീട്ടിലാണ് നൊട്ടരാജന്‍ അടക്കമുള്ള മൂന്നംഗ സംഘം മോഷണം നടത്തിയത്. വീട്ടില്‍ ആളിലെന്ന് മനസിലാക്കിയ സംഘം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മോഷണം നടത്തിയത്. വീടിന് സമീപത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നും പണിയായുധങ്ങള്‍ ശേഖരിച്ച സംഘം പൂട്ടി കിടന്ന വീടിന്‍റെ വാതില്‍ തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. മോഷണത്തിന് മുമ്പായി വീട്ടിലെ സിസിടിവി ക്യാമറ മറുവശത്തേക്ക് സംഘം തിരിച്ച് വച്ചിരുന്നു. നിലവില്‍ അറസ്റ്റിലായ നൊട്ടരാജന്‍ മറ്റൊരു മോഷണ കേസില്‍ ജയിലിലായിരുന്നു. ജയില്‍ മോചിതനായതിന് പിന്നാലെയാണ് നിലമ്പൂരിലെത്തി മോഷണം നടത്തിയത്. തമിഴ്‌നാട്ടില്‍ നിന്നെത്തി വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളിലെല്ലാം സംഘം കവര്‍ച്ച നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. കേരളത്തില്‍ മോഷണം നടത്തുന്ന സംഘം തമിഴ്‌നാട്ടില്‍ ആഢംബര ജീവിതമാണ് നയിക്കുന്നത്. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.