കേരളം

kerala

ETV Bharat / videos

വിദ്യാർത്ഥി പ്രതിഭ പുരസ്‌കാര വിതരണം നാളെ; 1000 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം,രാജ്യത്ത് ഇത് ആദ്യമെന്ന് മന്ത്രി ആര്‍ ബിന്ദു - Vidyarthi Pratibha Award

By ETV Bharat Kerala Team

Published : Jan 24, 2024, 8:40 PM IST

തിരുവനന്തപുരം: 2022-23 വർഷത്തെ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരത്തിന് അർഹരായ 1000 വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാരം നാളെ വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം നിശാഗന്ധിയിൽ വെച്ച് വിതരണം ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചു. 1 ലക്ഷം രൂപയും പ്രശസ്‌തി പത്രവുമാണ് പുരസ്‌കാരം. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആർ ബിന്ദു.  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായാണ് പുരസ്‌കാരം. സംസ്ഥാനത്തെ 12 സർവകലാശാലയിലെ 2022-23 വർഷത്തെ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്. രാജ്യത്ത് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പുരസ്‌കാര തുകയാണിതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു. 2022 മുതലാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിൽ വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരം നൽകി തുടങ്ങിയത്. ചക്കിട്ടപ്പാറയിൽ ഭിന്നശേഷിക്കാരനായ വായോധികൻ സാമൂഹിക ക്ഷേമ പെൻഷൻ മുടങ്ങിയതിൽ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്‌ടറോട് റിപ്പോർട്ട്‌ തേടിയതായും സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു. കുടിശികയുള്ള പെൻഷൻ കഴിഞ്ഞ മാസം വിതരണം ചെയ്‌തിരുന്നുവെന്നും, ജോസഫിന്‍റെ ആത്മഹത്യ കാരണം പെൻഷൻ കിട്ടാത്തത് കൊണ്ടാണോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. പെൻഷൻ വിതരണം തദ്ദേശ വകുപ്പിന്‍റെ കീഴിലാണെന്നും കൂട്ടിച്ചേർത്തു. 

ABOUT THE AUTHOR

...view details